ഗതാഗതക്കുരുക്ക്: നോക്കുകുത്തിയായി മട്ടന്നൂരിലെ ട്രാഫിക് സിഗ്നൽ

Saturday 14 January 2023 10:24 PM IST

മട്ടന്നൂർ: മട്ടന്നൂർ കവലയിൽ സ്ഥാപിച്ച ട്രാഫിക് സിഗ്നൽ ലൈറ്റ് ഒരു വർഷത്തിലധികമായിട്ടും പ്രവർത്തനം തുടങ്ങിയില്ല. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനാണ് റോഡ് നവീകരണ പ്രവൃത്തിക്ക് ശേഷം കവലയിൽ ട്രാഫിക് സിഗ്നൽ സ്ഥാപിച്ചത്. എന്നാൽ ഇതിൽ ചുവന്ന ലൈറ്റ് മാത്രമാണ് തെളിയുന്നത്. തലശ്ശേരി-വളവുപാറ റോഡ് നിർമാണം നടത്തുന്ന കെ.എസ്.ടി.പി.യുടെ നേതൃത്വത്തിലാണ് സിഗ്നൽ ലൈറ്റ് സ്ഥാപിച്ചത്. റോഡ് പണി പൂർത്തിയായ ശേഷം സിഗ്നൽ പ്രവർത്തനം തുടങ്ങുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ ഒരു വർഷമായിട്ടും പ്രവർത്തിച്ചു തുടങ്ങിയിട്ടില്ല. വിമാനത്താവളത്തിലേക്ക് ഉൾപ്പടെ നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന മട്ടന്നൂർ ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് പതിവ് കാഴ്ചയാണ്. രാവിലെയും വൈകീട്ടും ഏറെ നേരം വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നുണ്ട്. റോഡ് വീതി കൂട്ടിയതോടെ കുരുക്കിന് ചെറിയ അയവ് വന്നിട്ടുണ്ട്. അതേ സമയം ട്രാഫിക് സിഗ്നൽ അനുസരിച്ച് വാഹനങ്ങൾ ഇവിടെ നിയന്ത്രിക്കാൻ തുടങ്ങിയാൽ ഇരിക്കൂർ റോഡ് ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുമെന്നും ആശങ്കയുണ്ട്. ഇരിക്കൂർ ,മരുതായി ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ കണ്ണൂർ റോഡിലേക്ക് പ്രവേശിക്കുന്ന ഈ കവലയിലും ഗതാഗതക്കുരുക്ക് പതിവാണ്. ഇതൊഴിവാക്കാനായി ഇരിക്കൂർ ഭാഗത്തേക്ക് പോകുന്ന ചെറുവാഹനങ്ങളെ ഇരിട്ടി റോഡിലുള്ള ബൈപ്പാസ് വഴിയാണ് ഇപ്പോൾ കടത്തിവിടുന്നത്.