രാജ്യം ഭരിക്കുന്നവർ ചരിത്രം തിരുത്താൻ ശ്രമിക്കുന്നു: ശശി തരൂർ
Saturday 14 January 2023 10:28 PM IST
കണ്ണൂർ:രാജ്യം ഭരിക്കുന്നവർ ജനങ്ങളിൽ ജാതിമത രാഷ്ട്രീയത്തിന്റെ വിഷം കുത്തിവച്ചും രാജ്യത്തിന്റെ ചരിത്രം തിരുത്തിയും രാഷ്ട്രീയ നേട്ടമുണ്ടാക്കുകയാണെന്ന് ശശി തരൂർ എം.പി. കണ്ണൂരിൽ ഇ. അഹമ്മദ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയ രാഷ്ട്രീയവും വടക്കൻ മേഖലകളും വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നു. അവിടെയുള്ള മുസ്ലിങ്ങൾക്ക് കഷ്ടകാലമാണ്. ഇസ്ലാം ഇന്ത്യയിലേക്ക് കടന്ന് വന്നത് ആക്രമത്തിലൂടെയാണെന്ന് പ്രചരിപ്പിക്കുകയും ചരിത്രം തിരുത്തണമെന്ന് ആഹ്വാനം ചെയ്യുന്നവരുമാണ് രാജ്യം ഭരിക്കുന്നത്. ഭരണഘടന പോലും പൊളിച്ചെഴുതാനുള്ള ശ്രമങ്ങൾ നടക്കുന്നു.ഇതിനെതിരെ മതേതരത്വം ഉയർത്തിപിടിച്ച് ഒന്നിച്ചു നിൽക്കണമെന്നും തരൂർ അഭിപ്രായപ്പെട്ടു.