നിക്ഷേപത്തട്ടിപ്പ് : പ്രതികൾക്കായി ലുക് ഔട്ട് നോട്ടീസ്

Sunday 15 January 2023 2:34 AM IST

തൃശൂർ: കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തി മുങ്ങിയ പ്രതികൾക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ്. പോസ്റ്റ് ഓഫീസ് റോഡിലെ പാണഞ്ചേരി ടവറിലുള്ള ധന വ്യവസായ ബാങ്കേഴ്‌സ് ഉടമ ജോയ് ഡി.പാണഞ്ചേരി, ഭാര്യ റാണി എന്നിവർക്കെതിരെയാണ് തൃശൂർ ഈസ്റ്റ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. തട്ടിപ്പ് നടത്തി കോടികൾ കൈക്കലാക്കിയ ദമ്പതികൾ ഒളിവിലാണ്. പ്രതികളെ പിടികൂടുന്നതിൽ തട്ടിപ്പിനിരയായവർ പൊലീസിനെതിരെ ആരോപണമുയർത്തിയതിന് പിന്നാലെയാണ് പ്രതികൾക്കായുള്ള ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്.

15 മുതൽ 18 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്താണ് ദമ്പതികൾ കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയത്. തൃശൂർ പോസ്റ്റ് ഓഫീസ് റോഡിലെ ധനവ്യവസായ ബാങ്കേഴ്‌സ്, ധന വ്യവസായ സ്ഥാപനം എന്നീ പേരുകളിലുള്ള സ്വകാര്യ സ്ഥാപനത്തിന്റെ പേരിലായിരുന്നു തട്ടിപ്പ്. ഇരുന്നൂറോളം നിക്ഷേപകരുള്ള സ്ഥാപനത്തിൽ നൂറോളം പേർ ഇതിനോടകം പരാതി നൽകി. ഒരാഴ്ച്ച മുൻപാണ് ദമ്പതികൾ സ്ഥാപനം പൂട്ടി ഒളിവിൽ പോയത്. കണിമംഗലം സ്വദേശിയുടെ പരാതിയിലാണ് ആദ്യ കേസ് രജിസ്റ്റർ ചെയ്യുന്നത്. ലഭിച്ച പരാതികൾ പ്രകാരം അഞ്ച് കോടിയോളം രൂപയുടെ തട്ടിപ്പാണ് നടന്നതെന്നും പ്രതികൾക്കായി അന്വേഷണം ഊർജിതമാണെന്നും ഉടൻ പിടിയിലാവുമെന്നുമാണ് പൊലീസ് പറയുന്നത്.