ക്വാറി സംഘവും നാട്ടുകാരും തമ്മിൽ സംഘർഷം: വെള്ളരിക്കുണ്ട് കാരാട്ട് റോഡ് നിർമ്മാണം നിർത്തി വെക്കാൻ നിർദ്ദേശം

Saturday 14 January 2023 10:40 PM IST

വെള്ളരിക്കുണ്ട്: പ്രദേശത്തെ തൊഴിലുറപ്പ് തൊഴിലാളികളുടെ ചിത്രം പകർത്തിയത് ചോദ്യം ചെയ്തതിന് പട്ടികജാതി വിഭാഗം സ്ത്രീകളും, സ്കൂൾ വിദ്യാർത്ഥിനിയുമുൾപ്പെടെ നിരവധി പേരെ ക്വാറി മാഫിയകളുടെ ആളുകൾ ആക്രമിച്ചെന്ന് ആരോപണം. സ്ത്രീകളെയും കുട്ടികളെയും ശാരീരികമായി ഉപദ്രവിച്ചതായും വികലാംഗയായ സ്ത്രീയെ അപമാനിച്ചതായും ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതായും പരാതിയിൽ പറയുന്നു.

വെള്ളരിക്കുണ്ട് വടക്കാക്കുന്ന് മരുതുകുന്ന് ഭാഗത്തെ ക്രഷർ മുതലാളിമാർ തങ്ങൾക്കെതിരെ നിരവധി വ്യാജ കേസുകൾ കെട്ടിച്ചമയ്ക്കുകയാണെന്ന് പ്രദേശത്തെ സമര സമിതി അംഗങ്ങൾ പറയുന്നു. കോടതിയെ തെറ്റിദ്ധരിപ്പിച്ച് ഇഞ്ചങ്ങ്ഷൻ ഓർഡർ തരപ്പെടുത്തിയാണ് നിലവിൽ ക്രഷർ നിർമ്മാണ സാമഗ്രികൾ കടത്തിയതെന്നും യഥാർത്ഥ സ്ഥലമുടമ ഇതിനെതിരെ കോടതിയിൽ പോകുകയും കോടതിയിൽ നിന്നും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തതിരുന്നുവെന്നും പ്രദേശവാസികൾ പറഞ്ഞു. സ്ഥലമുടമയുടെ അനുമതിയില്ലാതെ' നിർമ്മിച്ച റോഡ് തടസ്സപ്പെടുത്തിയതിനാൽ പുതിയ റോഡ് നിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിനിടയിലാണ് സ്ത്രീകളും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും ഉൾപ്പെടെയുളളവരും ക്വാറി സംഘവും തമ്മിൽ സംഘർഷമുണ്ടായത്.

നിലവിൽ ജില്ലാ പഞ്ചായത്തിന്റെ അനുമതിയില്ലാതെ അപ്രോച്ച് റോഡ് നിർമ്മാണം സാദ്ധ്യമല്ല എന്നിരിക്കെ നിയമ വ്യവസ്ഥയെയും ജില്ലാ പഞ്ചായത്ത് ഓർഡറിനെയും വെല്ലുവിളിച്ചു കൊണ്ട് നടന്ന റോഡ് നിർമ്മാണം ജില്ലാ പഞ്ചായത്തിന്റെ അനുമതി ലഭ്യമാക്കുന്നതുവരെ നിർത്തി വെക്കാൻ പ്രദേശവാസികളുടെയും സി.പി. എം പരപ്പ ലോക്കൽ കമ്മിറ്റി അംഗങ്ങളുടെയും സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിൽ വെള്ളരിക്കുണ്ട് സബ് ഇൻസ്പെക്ടർ എം.പി.വിജയകുമാർ നിർദ്ദേശിച്ചു