ജോഷിമഠ് ഭൂമി: റിപ്പോർട്ട് പിൻവലിച്ച് ഐ.എസ്.ആർ.ഒ.

Sunday 15 January 2023 4:26 AM IST

തിരുവനന്തപുരം:ഉത്തരാഖണ്ഡിലെ ജോഷിമഠിൽ ഭൂമി ഇടിഞ്ഞുതാഴുന്നതിന്റെ തോത് കൂടിയെന്നും കൂടുതൽ ഭൂമി താഴാൻ സാദ്ധ്യതയുണ്ടെന്നുമുള്ള റിപ്പോർട്ട് സർക്കാർ നിർദ്ദേശത്തെ തുടർന്ന് ഐ.എസ്.ആർ.ഒ ഇന്നലെ പിൻവലിച്ചു. ദേശീയ ദുരന്തനിവാരണ അതോറിറ്റി അതൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തിലാണിത്. റിപ്പോർട്ട് ജനങ്ങളിൽ ഭീതി കൂട്ടിയെന്നും നാലായിരത്തോളം നിവാസികൾ പലായനം ചെയ്യാൻ തുടങ്ങിയെന്നും ഇത്തരം റിപ്പോർട്ടുകൾ ദുരന്തനിവാരണ നടപടികൾ ചിട്ടയായി മുന്നോട്ട് കൊണ്ടുപോകാൻ തടസ്സമാകുമെന്നും എൻ.ഡി.ആർ.എഫ്. പറഞ്ഞു. ഒരു സ്ഥാപനവും ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ സ്വന്തംനിലയിൽ പുറത്തുവി‌ടരുതെന്ന് എൻ.ഡി.ആർ.എഫ്. നിർദ്ദേശിച്ചു.

റിപ്പോർട്ട് തെറ്റായി വ്യാഖ്യാനിക്കപ്പെട്ട സാഹചര്യത്തിലാണ് വെബ്സൈറ്റിൽ നിന്ന് നീക്കിയതെന്ന് ഐ.എസ്.ആർ.ഒ. പിന്നീട് വിശദീകരിച്ചു.

ഒഴിപ്പിക്കൽ നടപടി തുടരവേ, ആശങ്കാജനകമായ റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിൽ ഉത്തരാഖണ്ഡ് സർക്കാർ അതൃപ്തി അറിയിച്ചിരുന്നു. 2022 ഏപ്രിൽ മുതൽ നവംബർ വരെയുള്ള ഏഴ് മാസത്തിനിടെ ഭൂമി 8.9 സെന്റീമീറ്റർ ഇടിഞ്ഞുതാണിരുന്നുവെന്നും. ഡിസംബർ 27 മുതൽ 12 ദിവസം കൊണ്ട് ഒറ്റയടിക്ക് 5.4 സെന്റി മീറ്ററിന്റെ ഇടിവുണ്ടായെന്നും ഐ.എസ്.ആർ.ഒ കണ്ടെത്തി. ഈ റിപ്പോർട്ടാണ് പിൻവലിച്ചത്.