വ്യാപാരികളുടെ ആശങ്ക പരിഹരിക്കണം

Saturday 14 January 2023 10:47 PM IST

കൂത്തുപറമ്പ്: നിർദ്ദിഷ്ട പെരിങ്ങത്തൂർ, പാനൂർ, കുത്തുപറമ്പ്, വിമാനത്താവളം നാലുവരി പാതയുടെ അലൈമെന്റിനെതിരെ കൂത്തുപറമ്പ് മേഖലയിലെ വ്യാപാരികൾ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ആക്ഷൻ കമ്മിറ്റി ചെയർമാൻ പി.സി പോക്കു ഹാജിയും കൺവീനർ കെ. രാഘവനും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ രൂപീകരിച്ച ആക്ഷൻ കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നത് നിലവിലുള്ള അലൈൻമെന്റ് നടപ്പിലാക്കിയാൽ കുത്തുപറമ്പ് മേഖലയിലെ പൂക്കോട്, കൂത്തുപറമ്പ് ടൗൺ, തൊക്കിലാങ്ങാടി, നിർവേലി എന്നിടങ്ങളിൽ ഇരുന്നൂറോളം കടകൾ പൂർണ്ണമായി പൊളിക്കേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. കടകൾ പൊളിക്കുന്നതോടെ ആയിരത്തോളം കുടുംബങ്ങളാണ് വഴിയാധാരമാകേണ്ടി വരിക. ഈ സാഹചര്യത്തിൽ മുമ്പ് നിർദേശിച്ച ബദൽ റോഡ് പരിഗണിക്കുക, വ്യാപാരികളെ പുനരധിവസിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പ്രക്ഷോഭമെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. സി.രാമദാസ് , പി.വത്സൻ , എ.ടി.അബ്ദുൾ അസീസ്,എൻ.പി.പ്രകാശൻ ,കെ.അബ്ദുൾ അസീസ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.