സ്റ്റേഷൻ ജീവനക്കാരിയെ കടന്നുപിടിച്ച കേസ്: പൊലീസുകാരൻ അറസ്റ്റിൽ

Sunday 15 January 2023 1:53 AM IST

പത്തനംതിട്ട: ആറന്മുള പൊലീസ് സ്റ്റേഷനിലെ താത്കാലിക ജീവനക്കാരിയെ കടന്നുപിടിച്ച് അപമാനിച്ചുവെന്ന കേസിൽ പ്രതിയായ സീനിയർ സിവിൽ പൊലീസ് ഓഫീസർ സജീവ്ഖാനെ അറസ്റ്റ് ചെയ്തു. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ ഇയാൾ ഇന്നലെ വൈകിട്ട് ആറന്മുള പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു .തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. പീഡനത്തിന് കേസെടുത്തതിനെ തുടർന്ന് ജില്ലാ പൊലീസ് മേധാവി ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു.

ഡിസംബർ 15 നാണ് കേസിന് ആസ്പദമായ സംഭവം. പൊലീസ് സ്റ്റേഷനിലെ താത്കാലിക ജീവനക്കാരിയെ സ്റ്റേഷന്റെ അടുക്കളയിൽ വച്ച് സജീവ് ഖാൻ കടന്നു പിടിച്ചുവെന്നാണ് പരാതി. യുവതി ഇക്കാര്യം സ്റ്റേഷനിൽ അറിയിച്ചു. തുടർന്ന് പ്രശ്നം ഒത്തു തീർപ്പാക്കാൻ ശ്രമം നടന്നു. വിവരം അറിഞ്ഞ പത്തനംതിട്ട ഡിവൈ.എസ്.പി യുവതിയെ കൗൺസലിങ്ങിന് അയച്ചു. തുടർന്നാണ് യുവതി നടന്ന സംഭവങ്ങൾ പറഞ്ഞത്.പ്രതിയെ റിമാൻഡ് ചെയ്തു.