വിമാനത്താവള റോഡ്: ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കണം: കോൺഗ്രസ്

Saturday 14 January 2023 11:05 PM IST
congress

മട്ടന്നൂർ: വിമാനത്താവളത്തിലേക്ക് റോഡുകൾ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഭൂവുടമകളുടെ ആശങ്കകൾ പരിഹരിക്കണമെന്ന് കോൺഗ്രസ് മട്ടന്നൂർ മണ്ഡലം കമ്മിറ്റി പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. തലശ്ശേരി-കൊടുവള്ളി-അഞ്ചരക്കണ്ടി-മട്ടന്നൂർ നാലുവരിപ്പാത നിർമാണത്തിനായി വായന്തോട് മുതൽ വിമാനത്താവളം വരെ റോഡിന്റെ ഒരു വശത്തു നിന്ന് മാത്രം സ്ഥലമെടുക്കുന്ന രീതിയിലാണ് കല്ലിട്ടിട്ടുള്ളത്.50 ലധികം വീടുകളെയും കല്ലേരിക്കര എൽ.പി.സ്‌കൂളിനെയും ബാധിക്കുന്ന തരത്തിലാണ് കുറ്റികൾ സ്ഥാപിച്ചിട്ടുള്ളത്. അതേ സമയം മറുഭാഗത്ത് നിന്നും സമാനമായി സ്ഥലമെടുക്കുന്നില്ല. തൽപര കക്ഷികളെ സഹായിക്കാനുള്ള നീക്കമാണിതെന്ന് കോൺഗ്രസ് ആരോപിച്ചു. മാനന്തവാടി-മട്ടന്നൂർ റോഡിൽ ശിവപുരം മുതൽ മട്ടന്നൂർ വരെയുള്ള ഭാഗത്ത് പൊതുമരാമത്ത് റോഡിൽ നിന്ന് മാറ്റി അലൈൻമെന്റ് ഉണ്ടാക്കാനുള്ള നീക്കത്തിനെതിരെ പ്രദേശത്ത് പ്രതിഷേധം ഉയർന്നിട്ടുണ്ട്. അയ്യല്ലൂർ, പുലിയങ്ങോട് വഴി റോഡ് വികസിപ്പിക്കുമ്പോൾ 20 വീടുകളെ മാത്രമാണ് ബാധിക്കുന്നത് എന്നിരിക്കെ 160 വീടുകൾ പൊളിക്കേണ്ടി വരുമെന്ന് പ്രചാരവേല നടത്തുകയാണ്. ജനവാസമില്ലാത്ത പ്രദേശത്ത് കൂടി കുന്നിടിച്ച് ബൈപ്പാസ് നിർമിക്കുന്നത് നിർമാണച്ചെലവ് ഇരട്ടിയിലധികമാക്കും. നിക്ഷിപ്ത താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള നീക്കമാണിതെന്നും സ്ഥലം എം.എൽ.എയുടെ നിലപാടിൽ നാട്ടുകാർക്ക് പ്രതിഷേധമുണ്ടെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. വായന്തോട് മേഖലയിൽ അടുത്ത ദിവസം പ്രദേശവാസികളെ ഉൾപ്പെടുത്തി കർമസമിതി രൂപവൽക്കരിക്കും. ജനങ്ങളുടെ ആശങ്ക പരിഹരിക്കും വിധം റോഡ് നിർമാണത്തിനുള്ള നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രക്ഷോഭം തുടങ്ങുമെന്നും കോൺഗ്രസ് വ്യക്തമാക്കി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ.കെ.രാജേഷ്, ബ്ലോക്ക് പ്രസിഡന്റ് സുരേഷ് മാവില, കെ.വി.ജയചന്ദ്രൻ, എം.സി.കുഞ്ഞമ്മദ്, വി.കുഞ്ഞിരാമൻ,ടി.ദിനേശൻ, കൗൺസിലർമാരായ കെ.വി.പ്രശാന്ത്, ടി.സുജിത എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.