ഫീഡർ സർവീസുകളുമായി കെ.എസ്.ആർ.ടി.സി

Sunday 15 January 2023 12:45 AM IST

 ആദ്യ ബസ് മണികണ്ഠേശ്വരത്തു നിന്ന് 16ന് പുറപ്പെടും

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ കെ.എസ്.ആർ.ടി.സി ഫീഡർ സർവീസിന്റെ ഉദ്ഘാടനം 16ന് രാവിലെ 9ന് മണികണ്‌ഠേശ്വരത്ത് മന്ത്രി ആന്റണി രാജു നിർവഹിക്കും. വി.കെ. പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ ട്രിഡ ചെയർമാൻ കെ.സി. വിക്രമൻ മുഖ്യാതിഥിയാകും. മണ്ണന്തല -കുടപ്പനക്കുന്ന് -എ.കെ.ജി നഗർ -പേരൂർക്കട -ഇന്ദിരാനഗർ -മണികണ്‌ഠേശ്വരം -നെട്ടയം -വട്ടിയൂർക്കാവ് -തിട്ടമംഗലം -കുണ്ടമൺകടവ് -വലിയവിള -തിരുമല റൂട്ടിലാണ് ആദ്യ സർവീസ് നടത്തുന്നത്. രാവിലെയും വൈകിട്ടുമാണ് പ്രധാനമായും ട്രിപ്പുകൾ ക്രമീകരിച്ചിരിക്കുന്നത്. എം.സി റോഡ്, തിരുവനന്തപുരം -നെടുമങ്ങാട് റോഡ്, കിഴക്കേകോട്ട -വട്ടിയൂർക്കാവ് റോഡ്, തിരുവനന്തപുരം -കാട്ടാക്കട റോഡ് എന്നിങ്ങനെ 4 പ്രധാന റോഡുകളെ റസിഡൻഷ്യൽ ഏരിയകളുമായി ബന്ധിപ്പിക്കുന്ന തരത്തിലാണ് ഫീഡർ സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ഈ റൂട്ടിലെ 10 ഓളം റസിഡന്റ്സ് അസോസിയേഷനുകളുടെ പങ്കാളിത്തത്തോടെയാണ് സർവീസ് നടപ്പിലാക്കുന്നത്. വട്ടിയൂർക്കാവ് എം.എൽ.എ വി.കെ. പ്രശാന്തിന്റെ നേതൃത്വത്തിൽ റസിഡന്റ്സ് അസോസിയേഷനുകളുടെ യോഗങ്ങൾ ചേർന്നിരുന്നു. ഫീഡർ സർവീസുകളുടെ വിജയത്തിനായി ഗൃഹസന്ദർശനങ്ങൾ അടക്കം പൂർത്തിയാക്കിയിട്ടുണ്ട്. റസിഡന്റ്സ് അസോസിയേഷനുകൾ മുഖേന 2000 ട്രാവൽ കാർഡുകൾ വിതരണം നടത്തി. പരീക്ഷണാടിസ്ഥാനത്തിൽ മിനി ബസ് ഉപയോഗിച്ച് ആരംഭിക്കുന്ന ഈ സർവീസിൽ നിന്നുലഭിക്കുന്ന വരുമാനത്തിന്റെ അടിസ്ഥാനത്തിൽ മറ്രൊരു പദ്ധതിയും വിഭാവനം ചെയ്യുന്നുണ്ട്. 6 സീറ്റർ മുതൽ 24 സീറ്റർ വരെയുള്ള വാഹനങ്ങൾ സ്വകാര്യവ്യക്തികളിൽ നിന്ന് കെ.എസ്.ആർ.ടി.സി ലീസിനെടുത്ത് സർവീസ് നടത്തുന്ന ഒരു സ്വയംതൊഴിൽ സംരംഭമാണ് പദ്ധതി. നഗരത്തിലെ മറ്റ് പ്രദേശങ്ങളായ വിശ്വംഭരൻ നഗർ, പൗഡിക്കോണം തുടങ്ങിയ പ്രദേശങ്ങളിലും ഫീഡർ സർവീസ് ആരംഭിക്കുന്നതിനുള്ള സാദ്ധ്യതാപഠനം നടക്കുന്നുണ്ട്. ഫീഡർ സർവീസുമായി സഹകരിക്കാൻ താത്പര്യമുള്ള റസിഡന്റ്സ് അസോസിയേഷനുകളുമായി സഹകരിച്ച് ഈ പദ്ധതി കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും. സഹകരിക്കാൻ ആഗ്രഹിക്കുന്ന റസിഡന്റ്സ് അസോസിയേഷനുകൾക്ക് ഫീഡർ സർവീസുകളുടെ നോഡൽ ഓഫീസറായ തിരുവനന്തപുരം സിറ്റി ക്ലസ്റ്റർ ഓഫീസറുമായി ബന്ധപ്പെടാവുന്നതാണ്. ഇ- മെയിൽ cty@kerala.gov.in.

Advertisement
Advertisement