അതിസാഹസം ഈ യാത്ര
നടുവൊടിക്കുന്ന വഞ്ചിയൂർ ജനറൽ ആശുപത്രി റോഡ്
തിരുവനന്തപുരം: സ്മാർട്ട് റോഡ് നിർമ്മാണത്തിന്റെ ഭാഗമായി വഞ്ചിയൂർ ജനറൽ ആശുപത്രി റോഡ് വെട്ടിപ്പൊളിച്ചിട്ട് ഒരു വർഷമായെങ്കിലും നിർമ്മാണം എങ്ങുമെത്തിയില്ല. നിലവിൽ വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും റോഡ് ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണ്. സ്മാർട്ട് റോഡിനായി കുഴിച്ചതിൽ പകുതി ജോലികൾ പൂർത്തിയാക്കി കുഴികൾ മൂടിയെങ്കിലും രണ്ട് വലിയ കുഴികൾ ഇപ്പോഴും ബാക്കിയാണ്. വഞ്ചിയൂർ, എസ്.പി ഫോർട്ട്, ശ്രീകണ്‌ഠേശ്വരം ഭാഗത്തുള്ളവർക്ക് എളുപ്പത്തിൽ ജനറൽ ആശുപത്രിയിലെത്താൻ കഴിയുന്ന റോഡാണിത്. അതുപോലെ ജനറൽ ആശുപത്രി ഭാഗത്തുനിന്ന് വഞ്ചിയൂർ കോടതിയിലേയ്ക്കും ഈ റോഡുവഴി എളുപ്പമെത്താം. രണ്ട് സ്‌കൂളുകളിലും സർവകലാശാല സെന്ററിലേയ്‌ക്കും പോകുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികളും റോഡിന്റെ അവസ്ഥകാരണം
ദുരിതത്തിലാണ്. സ്‌മാർട്ട് സിറ്റി പുതിയ കരാറുകാര കണ്ടെത്താത്തതാണ് റോഡുപണി നീളാൻ കാരണം. റോഡിന് സമീപത്തെ വീടുകളിലേയ്ക്കുള്ള കുടിവെള്ള കണക്ഷനും വൈദ്യുതി കണക്ഷനും തെരുവ് വിളക്കുകളുടെയും പ്രവൃത്തികളാണ് ഇനി നടക്കാനുള്ളത്. നിലവിൽ വൈദ്യുതി കണക്ഷനുകളുടെയും തെരുവ് വിളക്കുകളുടെയും കേബിളുകൾ ഭൂമിക്കടിയിലാക്കുന്ന പ്രവൃത്തികൾ നിലച്ചു.
നീളം 1 കിലോമീറ്റർ നിർമ്മാണം തുടങ്ങിയിട്ട് - 10 മാസം ഇനി നിർമ്മാണം പൂർത്തിയാക്കാൻ - 6 മാസം എട്ട് മിനിട്ടിൽ യാത്ര പൂർത്തിയാകേണ്ട റോഡിൽ 25 മിനിട്ടെടുക്കുന്നു
അപകടങ്ങൾ പതിവ്
റോഡിലെ കുഴിയിൽ വീണ് കഴിഞ്ഞ 10 മാസത്തിനിടെ നാല് അപകടങ്ങളുണ്ടായി. ഇതിൽ മൂന്നുപേരും ഇരുചക്രവാഹന യാത്രക്കാരാണ്. രാത്രിയിലെ വെളിച്ചക്കുറവും റോഡിന്റെ അവസ്ഥയും അപകടം പതിവാക്കുന്നു
റോഡിന് സമീപത്തെ
പ്രധാന സ്ഥാപനങ്ങൾ
------------------------------------------
വഞ്ചിയൂർ ഗവൺമെന്റ് ഹൈസ്‌കൂൾ ഹോളി ഏഞ്ചൽസ് ഹയർ സെക്കൻഡറി സ്‌കൂൾ എക്‌സൈസ് എൻഫോഴ്സ്‌മെന്റ് ഓഫീസ് ഖാദി ഷോറൂം റോഡിന്റെ അവസാന ഭാഗത്ത് വഞ്ചിയൂർ കോടതി