മൂന്നാംക്ലാസുകാരി ഒരുവർഷത്തിനിടെ വായിച്ചത് 170 പുസ്‌തകങ്ങൾ

Sunday 15 January 2023 12:49 AM IST

 നിയമസഭാ പുസ്‌തകോത്സവത്തിൽ താരമായി വരദ

തിരുവനന്തപുരം: നിയമസഭാ അന്താരാഷ്‌ട്ര പുസ്‌തകോത്സവത്തിൽ തിളങ്ങി തിരുവനന്തപുരം വിളവൂർക്കൽ ഗവ. ഹൈസ്‌കൂളിലെ മൂന്നാം ക്ലാസുകാരിയും മലയം വേങ്കൂർ സ്വദേശിയുമായ വരദ. പുസ്‌തകോത്സവത്തിന് എത്തുന്ന മന്ത്രിമാർക്കും എം.എൽ.എമാർക്കും സംഘാടകനായ സ്‌പീക്കറിനും കൗതുകമായി മാറിയ വരദ കഴിഞ്ഞ ഒരു വർഷത്തിനിടെ 170 പുസ്‌തകങ്ങളാണ് വായിച്ചത്. വായിച്ച 170 പുസ്‌തകങ്ങളുടെ ആസ്വാദനവും ഈ മിടുക്കി എഴുതി തയ്യാറാക്കി. സ്‌കൂൾ ലൈബ്രറിയിൽ നിന്നാണ് പുസ്‌തകങ്ങൾ വായിക്കാൻ തുടങ്ങിയത്. വരദയുടെ കഴിവ് തിരിച്ചറിഞ്ഞ അദ്ധ്യാപകർ രക്ഷിതാക്കളെ വിവരം അറിയിച്ചു. തുടർന്ന് അവരും പുസ്‌തകങ്ങൾ വാങ്ങിനൽകി പ്രോത്സാഹിപ്പിച്ചു. എം.ടി. വാസുദേവൻ നായരും മുട്ടത്ത് വർക്കിയുമാണ് ഇഷ്‌ടപ്പെട്ട എഴുത്തുകാരെങ്കിലും നരേന്ദ്രനാഥിന്റെ വികൃതി രാമനാണ് വായിച്ചതിൽ വരദയ്‌ക്ക് ഇഷ്‌ടപ്പെട്ട കഥ. നിയമസഭാ പുസ്‌തകോത്സവം തുടങ്ങിയത് മുതൽ അമ്മ രേവതിക്കൊപ്പം വരദ സഭാപരിസരത്തുണ്ട്. എം.ടിയുടെ പ്രഭാഷണങ്ങളാണ് എ.എൻ. ഷംസീർ വരദയ്‌ക്ക് സമ്മാനമായി നൽകിയത്. മന്ത്രി ആർ. ബിന്ദു, എഴുത്തുകാരായ പ്രഭാവർമ്മ, ബെന്യാമിൻ ഉൾപ്പെടെയുള്ളവരും പുസ്‌തകങ്ങൾ നൽകി. ഭാവിയിൽ അദ്ധ്യാപികയാകാൻ ആഗ്രഹിക്കുന്ന വരദയ്‌ക്ക് വായിച്ച പുസ്‌തകങ്ങളിലെ അറിവുകൾ കുട്ടികൾക്കും സുഹൃത്തുക്കൾക്കും പകർന്നുകൊടുക്കാനാണ് ആഗ്രഹം.

 ഞൊടിയിടയിൽ മന്ത്രിമാരും വകുപ്പുകളും

സംസ്ഥാനത്തെ എല്ലാ മന്ത്രിമാരുടെ പേരുകളും അവരുടെ വകുപ്പുകളും ഒറ്റമിനിട്ടിൽ വരദ പറയും. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളുടെയും അവിടങ്ങളിലെ മുഖ്യമന്ത്രിമാരുടെ പേരുകളും വരദയ്‌ക്ക് കാണാപാഠമാണ്. രാജ്യത്തെ എല്ലാ കേന്ദ്രമന്ത്രിമാരുടെ പേരുകളും അവരുടെ വകുപ്പുകളും പഠിക്കാനുള്ള തയ്യാറെടുപ്പിലാണ്. പിതാവ് പ്രദീപൻ സൗദിയിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ്.