മൃഗശാലയിലെ കടുവയുടെ കഥ പറയുന്ന ഫ്രഞ്ച് പുസ്തകം 20ന് പുറത്തിറങ്ങും

Sunday 15 January 2023 12:52 AM IST

തിരുവനന്തപുരം: ഫ്രഞ്ച് എഴുത്തുകാരി ക്ലെയർ ലെ മിഷേൽ രചിച്ച മൃഗശാലയിലെ ജോർജ് എന്ന കടുവയുടെ കഥ പറയുന്ന 'ദി മിസ്റ്റീരിയസ് ജേർണൽ ഒഫ് മിസ്റ്റർ കാർബൺ ക്രോ - ദി സ്റ്റോറി ഓഫ് ജോർജ് " എന്ന പുസ്തകം ഈ മാസം 20ന് പ്രകാശനം ചെയ്യും. വൈകിട്ട് 5.30ന് വഴുതക്കാട്ടുള്ള ഫ്രഞ്ച് സാംസ്‌കാരിക കേന്ദ്രമായ അലയൻസ് ഫ്രാൻസൈസ് ഡി ട്രിവാൻഡ്രത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. പുസ്തക പ്രകാശനത്തിന് ശേഷം എഴുത്തുകാരിയുമായുള്ള സംവാദവും നടക്കും. ഫ്രഞ്ച്, ഇംഗ്ലീഷ് ഭാഷകളിലാണ് പുസ്തകം പുറത്തിറങ്ങുന്നത്. ജെറോം ഗോർഡനാണ് പുസ്തകം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്. 2019ൽ റൈറ്റിംഗ് റസിഡൻസിക്കായിട്ടാണ് ക്ലെയർ ലെ മിഷേൽ തിരുവനന്തപുരത്ത് എത്തുന്നത്. മൃഗശാല സന്ദർശിച്ചപ്പോൾ തിരുവനന്തപുരം മൃഗശാലയിലെ ചീഫ് വെറ്ററിനറി സർജൻ ഡോക്ടർ ജേക്കബ് അലക്‌സാണ്ടറാണ് ജോർജ് എന്ന കടുവയ്‌ക്കൊപ്പം മറ്റു മൃഗങ്ങളെയും പരിചയപ്പെടുത്തിയത്. ഫ്രാൻസിലേക്ക് മടങ്ങിയ ക്ലെയർ 'ദി സ്റ്റോറി ഓഫ് ജോർജ്" എഴുതി. 2021 ഡിസംബറിൽ ജോർജ് ലോകത്തോട് വിടപറഞ്ഞു. ഫ്രാൻസിലെ സ്‌കൂളുകളിൽ ജോർജിന്റെ കഥ പഠിപ്പിക്കുന്നുണ്ട്.