സഹപ്രവർത്തകരുടെ അശ്ളീല വീഡിയോ. സി​.പി​.എം ഏരി​യ സെന്റർ അംഗത്തെ പാർട്ടിയിൽ നിന്നു പുറത്താക്കി

Sunday 15 January 2023 12:19 AM IST

പുറത്തായത് ആലപ്പുഴ സൗത്ത് ഏരിയ സെന്റർ അംഗം എ.പി സോണ

ആ​ല​പ്പു​ഴ: സ​ഹ​പ്ര​വർ​ത്ത​ക​രാ​യ യുവതി​കളുടെ ന​ഗ്ന ദൃ​ശ്യ​ങ്ങൾ മൊ​ബൈൽ ഫോ​ണിൽ പ​കർ​ത്തി സൂ​ക്ഷി​ച്ചെ​ന്ന പ​രാ​തി​യിൽ സി.പി.എം ആ​ല​പ്പു​ഴ സൗ​ത്ത് ഏ​രി​യ സെന്റർ അംഗം എ.പി​. സോണയെ പാർട്ടി​യി​ൽ നി​ന്നു പുറത്താക്കി​. ജി​ല്ലാ നേ​തൃ​ത്വം നി​യോഗി​ച്ച ര​ണ്ടം​ഗ അ​ന്വേ​ഷ​ണ ക​മ്മി​ഷൻ തയ്യാറാക്കി​യ റി​പ്പോർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തിലാണ് നടപടി​. ഇ​ന്ന​ലെ ന​ട​ന്ന ജി​ല്ലാ സെ​ക്ര​ട്ടേറി​യ​റ്റ് യോ​ഗത്തി​ലാണ് തീരുമാനമുണ്ടായത്. ഇത് സൗ​ത്ത് ഏ​രി​യ ക​മ്മി​റ്റി​യിൽ റി​പ്പോർ​ട്ട് ചെ​യ്യും.

ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗ​ങ്ങ​ളാ​യ എ. മ​ഹീ​ന്ദ്രൻ, ജി. രാ​ജ​മ്മ എ​ന്നി​വ​രായിരുന്നു കമ്മിഷൻ അംഗങ്ങൾ. ഒ​രു പെൺ​കു​ട്ടിയുടെ സ്വകാര്യ ദൃശ്യങ്ങൾ ഒളി​ഞ്ഞി​രുന്ന് പകർത്താൻ ശ്ര​മി​ച്ചെന്ന പേരി​ൽ സോണയ്ക്ക് അടുത്തിടെ നാട്ടുകാരുടെ മർദ്ദനമേറ്റി​രുന്നു.

ഇതി​നി​ടെ തെറി​ച്ചുപോയ മൊ​ബൈൽ ഫോൺ പ​രി​ശോ​ധി​പ്പോ​ഴാ​ണ് മറ്റു വീ​ഡി​യോ​കൾ ക​ണ്ടെ​ത്തി​യ​ത്. ആ​ല​പ്പു​ഴ​യി​ലും അ​മ്പ​ല​പ്പു​ഴ​യി​ലു​മു​ള്ള 34 സ്ത്രീ​ക​ളു​ടെ വീ​ഡി​യോ​കൾ ഇ​തി​ലു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് ആ​രോ​പ​ണം. പൊ​ലീ​സിൽ പ​രാ​തി നൽ​കാ​തെ സി.പി.എ​മ്മി​ലെ ഒ​രു വി​ഭാ​ഗം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗമായ മന്ത്രി​ സ​ജി ചെ​റി​യാ​നെ വി​വ​രം ധ​രി​പ്പി​ച്ചു. തുടർന്ന് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ച​തിനെ തു​ടർ​ന്നാ​ണ് അ​ന്വേ​ഷ​ണ ക​മ്മി​ഷ​നെ നി​യ​മി​ച്ച​ത്. 30ല​ധി​കം സ്ത്രീകളെ നേരി​ട്ടു ക​ണ്ടു സം​സാ​രി​ച്ച​തി​ന്റെയും ഡി​ജി​റ്റൽ തെ​ളി​വു​ക​ളു​ടെയും അ​ടി​സ്ഥാ​ന​ത്തി​ലായിരുന്നു റിപ്പോർട്ട് തയ്യാറാക്കി ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

ഒ​ന്നി​ല​ധി​കം സ്ത്രീ​കൾ നൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ര​ണ്ടു​മാ​സം മു​മ്പാണ് ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അന്വേഷണ ക​മ്മീ​ഷനെ നി​യോഗി​ച്ചത്. പക്ഷേ അന്വേഷണം മന്ദഗതി​യി​ലായി​രുന്നു. സംസ്ഥാന നേതൃത്വത്തി​ൽ നി​ന്നുള്ള സമ്മർദ്ദത്തെത്തുടർന്നാണ് പൂർത്തി​യാക്കി​ നടപടി​യി​ലേക്കു കടന്നത്.

കണ്ടു ബോദ്ധ്യപ്പെട്ടു

സി.പി.എം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സിൽ സജ്ജീകരിച്ച സ്റ്റു​ഡി​യോ​യിൽ ജി.വേ​ണു​ഗോ​പാൽ, കെ.എ​ച്ച്. ബാ​ബുജാൻ, ജി.ഹ​രി​ശ​ങ്കർ, എം​. സ​ത്യ​പാ​ലൻ, ആർ.നാ​സർ, പി.പി.ചി​ത്ത​ര​ഞ്ജൻ എ​ന്നി​വർ ദൃ​ശ്യ​ങ്ങൾ കണ്ടാണ് പരാതിയിലെ വാസ്തവം ബോദ്ധ്യപ്പെട്ടത്.

ഗു​രു​ത​ര​മാ​യ കു​റ്റം ചെ​യ്ത​തി​നാൽ പാർ​ട്ടിയുമായി ബന്ധപ്പെട്ട എല്ലായിടങ്ങളിലും നിന്ന് സോണയെ മാറ്റാൻ തീരുമാനിക്കുകയായിരുന്നു. വീഡിയോകളിൽ പലതും പാർട്ടി ഓഫീസുകളിൽ വച്ചാണ് മൊബൈലിൽ പകർത്തിയതെന്ന് പശ്ചാത്തല ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. പാർട്ടിയുടെ വനിതാസംഘടനയിലെ നേതാക്കളുടേതുൾപ്പെടെയുള്ള ദൃശ്യങ്ങൾ ഉണ്ടായിരുന്നു. പല സ്ത്രീകൾക്കും അവരുടെ ബന്ധുക്കൾക്കും താത്കാലിക ജോലി തരപ്പെടുത്തിയാണ് ഇയാൾ കെണിയിൽ വീഴ്ത്തിയതെന്ന് പാർട്ടിയിലെത്തന്നെ ഒരു വിഭാഗം ആരോപിക്കുന്നു.

ബ​ന്ധു​ക്കളെല്ലാം ജോലിക്കാർ

സോ​ണ​യു​ടെ മൂ​ന്നു സ​ഹോ​ദ​രി​മാർ​ക്കും സർ​ക്കാർ സ്ഥാ​പ​ന​ത്തി​ലാ​ണ് ജോ​ലി. ര​ണ്ടാം പി​ണ​റാ​യി സർ​ക്കാർ അ​ധി​കാ​ര​ത്തിൽ വ​ന്ന​ശേ​ഷം ഒ​രു സ​ഹോ​ദ​രി ക​ള​പ്പു​ര ഗ​സ്റ്റ് ഹൗ​സ് ഹൗസി​ലും മ​റ്റൊ​രാൾ ആ​ല​പ്പു​ഴ മെ​ഡി​ക്കൽ കോ​ളേ​ജ് ഓ​ഫീ​സി​ലും ഒ​രു സ​ഹോ​ദ​രി ഹോ​മി​യോ ആ​ശു​പ​ത്രി ഓ​ഫീ​സി​ലും ഒ​രു സ​ഹോ​ദ​രി​യു​ടെ ഭർ​ത്താ​വ് ആ​ല​പ്പു​ഴ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യിലെ പ​മ്പ് ഓ​പ്പ​റേ​റ്റ​റാ​യും ജോ​ലി ചെയ്യുന്നു. സാമ്പത്തിക ആരോപണങ്ങളെത്തുടർന്ന് സി.ഐ.ടി.യു യൂണിറ്റ് സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു​നി​ന്ന് കഴിഞ്ഞ മാസം സോണയെ ഒ​ഴി​വാ​ക്കി​യിരുന്നു. ന​ഗ​ര​ത്തിൽ പു​തു​താ​യി നിർ​മ്മി​ക്കു​ന്ന കെ​ട്ടി​ടങ്ങളുടെ ഉ​ട​മ​സ്ഥ​ന്മാ​രിൽ നി​ന്നു പ​ണം വാ​ങ്ങു​ന്നുവെന്ന ആ​രോ​പ​ണ​ത്തെ തു​ടർ​ന്നാ​യി​രു​ന്നു ന​ട​പ​ടി.