കണിച്ചുകുളങ്ങര ക്ഷേത്രം. പടാകുളം തറവാട്ടിൽ ഉത്സവം അറി​യിച്ചു

Sunday 15 January 2023 12:20 AM IST

ചേർത്തല: കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിലെ ഉത്സവ അറിയിപ്പിനായി ദേവിയുടെ പ്രതിനിധികൾ പടാകുളം തറവാട്ടിലെത്തി. കണിച്ചുകുളങ്ങരയിലെ നായർ തറവാടായ പടാകുളം കുടുംബത്തിലെ കാരണവരെ ഉത്സവം അറിയിച്ച ശേഷമാണ് എല്ലാ വർഷവും ചടങ്ങുകൾ ആരംഭിക്കുന്നത്.

മകര സംക്രമ ദിനത്തിലാണ് തറവാട്ടിലെത്തുന്നത്. ക്ഷേത്രം നിൽക്കുന്ന സ്ഥലം ഈ തറവാട്ടിൽ നിന്ന് തായ് വഴിയായി ലഭിച്ചതെന്നാണ് ചരിത്രം. ദേവിയുടെ പ്രതിനിധിയായി ക്ഷേത്രം മേൽശാന്തി വി.കെ. സുരേഷ് പട്ടും വളയും ചിലങ്കയും ധരിച്ച് വാളും കൈയിലേന്തി ഓലക്കുടയും ചൂടി കാലാക്കാ വാര്യൻ, തകിൽ ഉൾപ്പെടെയുള്ള അകമ്പടിയോടെ വെളിച്ചപ്പാട്, ക്ഷേത്രം ഭാരവാഹികൾ എന്നിവരോടൊപ്പമാണ് അറിയിപ്പിനായി എത്തിയത്. സെക്രട്ടറി പി.കെ.ധനേശൻ പൊഴിക്കൽ, ജോയിന്റ് സെക്രട്ടറി വി.കെ.മോഹനദാസ്, ട്രഷറർ കെ.വി.കമലാസനൻ, സ്‌കൂൾ മാനേജർ ഡി.രാധാകൃഷ്ണൻ, പി.ശിവാനന്ദൻ, ടി.കെ.അനിൽ ബാബു, പി.പ്രകാശൻ, പി.സി.വാവക്കുഞ്ഞ്, കെ.വി. വിജയൻ, സ്വാമിനാഥൻ ചള്ളിയിൽ എന്നിവർ പങ്കെടുത്തു.