ലഹരിക്കടത്ത്: ഷാനവാസിനെതിരെ സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം

Sunday 15 January 2023 12:20 AM IST

ആലപ്പുഴ: നഗരസഭ കൗൺസിലർ എ. ഷാനവാസിന്റെ ഉടമസ്ഥതയിലുള്ള ലോറിയിൽ നിരോധിത ലഹരിവസ്തുക്കൾ കടത്തിയ കേസിൽ സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന് ലഭിച്ച പരാതികളിലാണ് അന്വേഷണം.

സി.പി.എം പ്രാദേശിക നേതാക്കളും ഷാനവാസിനെതിരെ പരാതി നൽകിയിട്ടുണ്ട്. വൻ റാക്കറ്റ് ലഹരിക്കടത്തിന് പിന്നിലുണ്ടെന്നാണ് പരാതികളിലെ ആരോപണം. ആലപ്പുഴ കേന്ദ്രീകരിച്ച് കോടിക്കണക്കിന് രൂപയുടെ ഫണ്ട് ശേഖരണം ഇതിന്റെ ഭാഗമായുണ്ടെന്നും സി.പി.എം നേതാക്കൾ ഉൾപ്പെട്ട സംഘത്തിന് പൊലീസ് സഹായം ലഭിക്കുന്നുണ്ടെന്നും പരാതികളിൽ പറയുന്നു. ഷാനവാസിന്റെ ആസ്തികൾ, സാമ്പത്തിക ഇടപാടുകൾ, ലഹരി, ക്രിമിനൽ സംഘങ്ങളുമായുള്ള ബന്ധം എന്നിവ സ്‌പെഷ്യൽ ബ്രാഞ്ച് പരിശോധിക്കും.

ഇതിനിടെ, സി.പി.എം സംസ്ഥാന കമ്മിറ്റി നിയോഗിച്ച പി.ശ്രീരാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള കമ്മിഷൻ ഇന്നലെ ആലപ്പുഴയിലെത്തി വിവരങ്ങൾ ശേഖരിച്ചു.