മൂന്ന് കഷണങ്ങളാക്കിയ മൃതദേഹം അഴുക്കുചാലിൽ

Sunday 15 January 2023 2:07 AM IST

ന്യൂഡൽഹി:ഭീകരബന്ധം ആരോപിച്ച് അറസ്റ്റിലായ രണ്ട് പേർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡൽഹി പോലീസിന്റെ സ്‌പെഷ്യൽ സെൽ ശനിയാഴ്ച വടക്കൻ ഡൽഹിയിലെ ഭൽസ്വ അഴുക്കുചാലിൽ നിന്ന് മൂന്ന് കഷണങ്ങളാക്കിയ മൃതദേഹം കണ്ടെടുത്തു. യു.എ.പി.എ പ്രകാരം കഴിഞ്ഞ വ്യാഴാഴ്ച അറസ്റ്റിലായ ജഗ്ജിത് സിംഗ് (29), നൗഷാദ് (56) എന്നിവരുടെ വീടിന് സമീപമാണിത്. കൊലപാതകം നടത്തിയ ശേഷം പ്രതികൾ വീഡിയോ ചിത്രീകരിച്ച് മറ്റൊരാൾക്ക് കൈമാറിയിരുന്നു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

ഭൽസ്വ ഡയറി പോലീസ് സ്റ്റേഷൻ പരിധിയിലെ ശ്രദ്ധ നന്ദ് കോളനിയിൽ പ്രതികൾ താമസിച്ച വാടക വീട്ടിൽ വെള്ളിയാഴ്ച നടത്തിയ റെയ്ഡിൽ ഹാൻഡ് ഗ്രനേഡുകൾ, മൂന്ന് പിസ്റ്റളുകൾ, 22 വെടിയുണ്ടകൾ തുടങ്ങിയവ കണ്ടെടുത്തിരുന്നു.

ജഗ്ജിത് സിംഗിന് ഖാലിസ്ഥാൻ ഭീകരൻ അർഷ്ദീപ് ദല്ലുമായി ബന്ധമുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. കുപ്രസിദ്ധ ബാംബിഹ സംഘത്തിലെ അംഗവുമാണ്. ഉത്തരാഖണ്ഡിലെ ഒരു കൊലപാതകക്കേസിൽ പരോളിൽ ഇറങ്ങിയ ശേഷം മുങ്ങിയ ഇയാൾക്ക് വിദേശത്ത് പ്രവർത്തിക്കുന്ന ദേശവിരുദ്ധ ശക്തികളിൽ നിന്ന് നിർദ്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്നുംപൊലീസ് പറഞ്ഞു. പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹർക്കത്ത്ഉൽഅൻസാർ (എച്ച്.യു.എ) എന്ന ഭീകര സംഘടനയുമായി ബന്ധമുള്ളയാളാണ് നൗഷാദ്. രണ്ട് കൊലപാതക കേസുകളിലും സ്‌ഫോടകവസ്തു നിയമപ്രകാരമുള്ള കേസിലും ശിക്ഷ അനുഭവിച്ചിട്ടുണ്ട്.