ശങ്കർ മിശ്രയുടെ വാദം തള്ളി പരാതിക്കാരി

Sunday 15 January 2023 2:11 AM IST

ന്യൂഡൽഹി: ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികയുടെ ശരീരത്തിൽ മൂത്രമൊഴിച്ചതിന് പൊലീസ് അറസ്റ്റു ചെയ്ത ശങ്കർ മിശ്രയുടെ പുതിയ വാദം വ്യജവും കെട്ടിച്ചമച്ചതുമാണെന്ന് പരാതിക്കാരി. അയാൾ ചെയ്ത തീർത്തും മ്ലേച്ഛമായ പ്രവൃത്തിയിൽ പശ്ചാത്തപിക്കുന്നതിനുപകരം, ഇരയെ കൂടുതൽ ഉപദ്രവിക്കുക എന്ന ഉദ്ദേശ്യത്തോടെ വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നത്. താൻ അനുഭവിച്ച ഭയാനകമായ അനുഭവം മറ്റാർക്കും ഉണ്ടാകരുതെന്ന് ഉറപ്പാക്കാനും അതിനാവശ്യമായ നടപടിക്രമങ്ങൾ സംവിധാനത്തിൽ വരുത്താനും ലക്ഷ്യമിടുന്നെന്നും അവർ പറഞ്ഞു.

ഡൽഹി പൊലീസിന്റെ കസ്റ്റഡി അപേക്ഷയിൽ കോടതി നൽകിയ നോട്ടീസിന്റെ മറുപടിയിലാണ് സ്ത്രീ സ്വയം മൂത്രമൊഴിച്ചതാണെന്ന വിചിത്രവാദം ശങ്കർ മിശ്ര നടത്തിയത്. പൊലീസ് കസ്റ്റഡി അപേക്ഷ നിരസിച്ച കോടതി ശനിയാഴ്ച മിശ്രയെ 14 ദിവസത്തെ ജുഡീഷ്യൽ റിമാൻഡിലേക്ക് അയച്ചിരുന്നു.