ഡൽഹിയിൽ വീണ്ടും അതിശൈത്യഭീഷണി

Sunday 15 January 2023 2:19 AM IST

ന്യൂഡൽഹി: അടുത്തയാഴ്ച ഡൽഹിയിലുൾപ്പെടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം പിടിമുറുക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. താപനില മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴുമെന്നാണ് പ്രവചനം. മഴയെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ തണുപ്പിന് ശമനമുണ്ടായിരുന്നു. കുറഞ്ഞ താപനില 10 ഡിഗ്രി സെൽഷ്യസായി ഉയർന്നു. 16നും 18നും ഇടയിൽ ഡൽഹിയിലെ പല പ്രദേശങ്ങളിലും ശൈത്യ തരംഗം വീശുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചൊവ്വ, ബുധൻ ദിവസങ്ങളിൽ കുറഞ്ഞ താപനില മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ കുറയാം. ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഉത്തരേന്ത്യയിൽ കൊടുംതണുപ്പാണ്. വരും ദിവസങ്ങളിലും ശമനമുണ്ടാകില്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തണുപ്പ് കൂടിയതിനാൽ ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാലാണ് ജനങ്ങളോട് പുറത്തിറങ്ങരുതെന്ന മുന്നറിയിപ്പ് നല്കിയത്. പ്രതിരോധശേഷിക്കായി വൈറ്റമിൻ–സി നിറഞ്ഞ പഴങ്ങളും പച്ചക്കറികളും കഴിക്കണമെന്നും ചൂടുവെള്ളം കുടിക്കണമെന്നും അധികൃതർ നിർദ്ദേശം നല്കിയിട്ടുണ്ട്.

താപനില മൈനസ് നാലു ഡിഗ്രി വരെ താഴുമെന്നും കാലാവസ്ഥ ഏജൻസികളുടെ പ്രവചനമുണ്ട്. എന്നാൽ 3–4 ഡിഗ്രി വരെ മാത്രമേ താപനില താഴൂ എന്നും പൂജ്യത്തിനു താഴേക്ക് പോകില്ലെന്നും സ്‌കൈമെറ്റ് എന്ന ഏജൻസി ട്വീറ്റ് ചെയ്തു. വീടില്ലാത്തവരെയും മൃഗങ്ങളെയുമാണു ശീതതരംഗം കൂടുതൽ ബാധിക്കുന്നത് എന്നിരിക്കെ അവർക്ക് വേണ്ട സൗകര്യമൊരുക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ.