രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് ഉത്തരവാദിയാര്: തുഷാർ ഗാന്ധി
ഗുരുവായൂർ: 75 വർഷം മുമ്പ് രാജ്യത്തിന്റെ ദുരവസ്ഥയ്ക്ക് കാരണക്കാരായി ബ്രിട്ടീഷുകാരെ ചൂണ്ടിക്കാട്ടാമായിരുന്നെങ്കിൽ ഇന്നത്തെ അവസ്ഥയ്ക്ക് ആരാണ് ഉത്തരവാദികളെന്ന് പരിശോധിക്കണമെന്ന് മഹാത്മാ ഗാന്ധിയുടെ ചെറുമകൻ തുഷാർ ഗാന്ധി. ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യഗ്രഹത്തിന്റെ ഭാഗമായി ഗാന്ധിജി ഗുരുവായൂരിൽ പ്രസംഗിച്ചതിന്റെ 90-ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതിയും മതവും ഭാഷയുമെല്ലാം ഭിന്നിപ്പിന് കാരണമാകുന്ന സ്ഥിതി വിശേഷത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിദ്വേഷ രാഷ്ട്രീയം ശക്തിപ്പെടുന്ന കാലത്ത് സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷങ്ങളേക്കാൾ പ്രസക്തി ആത്മപരിശോധനയ്ക്കാണ്. രാഹുൽ ഗാന്ധിയുടെ ജോഡോ യാത്ര വിജയിക്കണമെങ്കിൽ യാത്ര മുന്നോട്ട് വയ്ക്കുന്ന സന്ദേശം ജനമേറ്റെടുക്കണമെന്നും തുഷാർ ഗാന്ധി പറഞ്ഞു. ഹരിജൻ സേവക് സംഘ് സംസ്ഥാന ചെയർമാൻ ഡോ.എൻ.ഗോപാലകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. മഹാത്മജി സാംസ്കാരിക വേദി പ്രസിഡന്റ് സജീവൻ നമ്പിയത്ത്, ഡോ.എം.പി.മത്തായി, ഡോ.ജേക്കബ് വടക്കൻചേരി, എം.എൻ.ഗോപാലകൃഷ്ണ പണിക്കർ, മുൻ എം.പി സി.ഹരിദാസ് എന്നിവർ സംസാരിച്ചു. ഗുരുവായൂർ സത്യഗ്രഹത്തിൽ പങ്കെടുത്തവരുടെ കുടുംബാംഗങ്ങളായ പുതുശ്ശേരി രവീന്ദ്രൻ, തിരുവത്ര ജയറാം, നെല്ലിക്കൽ അശോക് കുമാർ, സി.പി.നായർ, വി.അച്ചുതൻകുട്ടി, ഗോപിനാഥ് ചേന്നര എന്നിവരെ ആദരിച്ചു.