പാക് കോൺസുലേറ്റിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു
Sunday 15 January 2023 4:44 AM IST
കറാച്ചി : ചൈനയിലെ ചെംഗ്ഡുവിലുള്ള പാകിസ്ഥാൻ കോൺസുലേറ്റ് ജനറലിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തതായി റിപ്പോർട്ട്. ഷിൻജിയാംഗിലെ ഉയ്‌ഗൂർ വംശജരുടെ അവകാശങ്ങളും സ്വാതന്ത്ര്യവും സംരക്ഷിക്കണമെന്ന് കാട്ടുന്ന പോസ്റ്റ് അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് പാക് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം.ഉയ്‌ഗൂർ അടക്കം ഷിൻജിയാംഗിലെ ന്യൂനപക്ഷ മുസ്ലിം വംശജർക്കെതിരെ ചൈന മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുന്നതായാണ് ആരോപണം.
മനുഷ്യാവകാശ സംഘടനകൾ ഇതിനെതിരെ രംഗത്തെത്തിയെങ്കിലും ചൈന ആരോപണങ്ങൾ അംഗീകരിച്ചിട്ടില്ല.
ഷിൻജിയാംഗിൽ ചൈനീസ് ഭരണകൂടം കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുന്നെന്ന് കാട്ടുന്ന യു.എൻ റിപ്പോർട്ടും അടുത്തിടെ പുറത്തുവന്നിരുന്നു.