റഷ്യൻ മിസൈലാക്രമണം: നിപ്രോയിൽ 5 മരണം

Sunday 15 January 2023 4:45 AM IST

കീവ് : യുക്രെയിന്റെ തലസ്ഥാനമായ കീവിൽ ഉൾപ്പെടെ വ്യാപക റഷ്യൻ വ്യോമാക്രമണം. ഖാർക്കീവ്, നിപ്രോ, ലിവീവ് തുടങ്ങിയ നഗരങ്ങളിൽ ഇന്നലെ റഷ്യൻ മിസൈലുകൾ പതിച്ചു. നിപ്രോയിൽ ഒമ്പത് നിലകെട്ടിടം തകർന്ന് അഞ്ച് പേർ മരിച്ചു. 27 പേർക്ക് പരിക്കേറ്റു. കെട്ടിടാവശിഷ്ടങ്ങൾക്കിടെയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി തിരച്ചിൽ തുടരുന്നു.

കീവിൽ ഊർജ, വ്യവസായ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് റഷ്യ ആക്രമണം നടത്തിയത്. അതേ സമയം, യുക്രെയിന് ചാലഞ്ചർ - 2 സൈനിക ടാങ്കുകൾ നൽകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയെ ഫോണിലൂടെ അറിയിച്ചു.

അതിനിടെ കഴിഞ്ഞ ദിവസം റഷ്യ പിടിച്ചെടുത്തെന്ന് അവകാശപ്പെട്ട സോളേഡാർ നഗരം തങ്ങൾ വിട്ടുകൊടുത്തിട്ടില്ലെന്നും പോരാട്ടം തുടരുകയാണെന്നും യുക്രെയിൻ അറിയിച്ചു.