കൊവിഡ്: ചൈനയിൽ 35 ദിവസത്തിനിടെ മരണം 60,​000

Sunday 15 January 2023 6:19 AM IST

ബീജിംഗ് : ചൈനയിൽ ഒരു മാസത്തിനിടെ കൊവിഡുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്തത് 60,000 മരണം. ഡിസംബർ ആദ്യം കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതിന് പിന്നാലെ സർക്കാർ പുറത്തുവിടുന്ന പ്രധാന കണക്കാണിത്.

ഡിസംബർ 8 മുതൽ ഈ മാസം 12 വരെ രാജ്യത്ത് കൊവിഡുമായി ബന്ധപ്പെട്ട 59,938 മരണങ്ങൾ റിപ്പോർട്ട് ചെയ്തെന്ന് നാഷണൽ ഹെൽത്ത് കമ്മിഷന് കീഴിലുള്ള ബ്യൂറോ ഒഫ് മെഡിക്കൽ അഡ്മിനിസ്ട്രേഷൻ തലവൻ ജിയാവോ യഹൂയ് പറഞ്ഞു.

5,503 പേർ ശ്വസന സംബന്ധമായ പ്രശ്നങ്ങളെ തുടർന്നാണ് മരിച്ചത്. 54,435 പേർ മറ്റ് രോഗങ്ങൾ സങ്കീർണമായതോടെയാണ് മരിച്ചത്.

ആരോഗ്യ കേന്ദ്രങ്ങളിൽ രേഖപ്പെടുത്തിയ മരണങ്ങളുടെ മാത്രം ഡേറ്റയാണിത്. അതുകൊണ്ട് തന്നെ ഇക്കാലയളവിൽ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതിലും കൂടുതലായിരിക്കും.

ശരിയായ കൊവിഡ് കണക്കുകൾ പുറത്തുവിടാത്തതിന് ചൈനയ്ക്കെതിരെ ലോകാരോഗ്യ സംഘടനയും യു.എസ് ഉൾപ്പെടെയുള്ള രാജ്യങ്ങളും രംഗത്തെത്തിയിരുന്നു. അതേ സമയം, കൊവിഡ് ബാധ മൂലമുള്ള ശ്വാസകോശ പ്രശ്നങ്ങളെ തുടർന്ന് മരിക്കുന്നവരെ മാത്രമേ കൊവിഡ് മരണങ്ങളായി ഔദ്യോഗിക രേഖകളിൽ കണക്കാക്കൂ എന്ന് ചൈന നേരത്തെ വ്യക്തമാക്കിയിരുന്നു.

നിലവിൽ ചൈനയിൽ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ ശരാശരി പ്രായം 80.3 ആണ്. മരിക്കുന്നവരിൽ 90 ശതമാനത്തിലേറെ പേരും 65 വയസിന് മുകളിലുള്ളവരാണ്.