അധോലോക രാജാവ്  ഛോട്ടാ രാജന് ജന്മദിനാശംസകളുമായി നഗരത്തിൽ പോസ്റ്ററുകൾ,  ഒപ്പം കബഡി മത്സരവും, ആറുപേർ പിടിയിൽ 

Sunday 15 January 2023 8:00 AM IST

മുംബയ് : അധോലോക രാജാവ് ഛോട്ടാ രാജൻ എന്ന രാജേന്ദ്ര നികൽജെയുടെ ജന്മദിനത്തിൽ ആശംസകളുമായി മുംബയിൽ പോസ്റ്ററുകൾ. രാജന്റെ ജന്മദിനത്തിൽ മുംബയിലെ മലാഡ് ഈസ്റ്റിലെ കുരാർ ഗ്രാമത്തിൽ കബഡി മത്സരം സംഘടിപ്പിക്കുന്നതിനെ കുറിച്ചുള്ള വിവരങ്ങളും പോസ്റ്ററിലുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തിയ പൊലീസ് ആറുപേരെ അറസ്റ്റ് ചെയ്തു.

ഛോട്ടാ രാജന് ആശംസകൾ നേർന്നുള്ള പോസ്റ്ററുകൾ സമൂഹമാദ്ധ്യമങ്ങളിലടക്കം വൈറലായതിനെ തുടർന്നാണ് പൊലീസ് കേസെടുത്തത്. തുടർന്ന് കബഡി മത്സരം സംഘടിപ്പിച്ച ആറുപേരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മത്സരം നടത്താനുള്ള ഫണ്ട് അനധികൃത സ്രോതസിൽ നിന്നുമാണ് ഇവർക്ക് ലഭിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. കൂടുതൽ വിവരങ്ങൾക്കായി അറസ്റ്റിലായവരെ ചോദ്യം ചെയ്യുകയാണെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സ്മിതാ പാട്ടീൽ പറഞ്ഞു.

രാത്രിയിലാണ് നിരത്തിൽ പോസ്റ്ററുകൾ പതിച്ചത്. ജനുവരി 14, 15 തീയതികളിൽ വൈകുന്നേരം ആറ് മണിക്കാണ് കബഡി ടൂർണമെന്റ് നടത്താൻ നിശ്ചയിച്ചിരുന്നത്. പൊലീസ് ഇടപെട്ടതോടെ മത്സരം ഉപേക്ഷിച്ചു. മുംബയെ വിറപ്പിച്ച ഛോട്ടാ രാജൻ ഇപ്പോൾ തിഹാർ ജയിലിലാണ്. മുംബയെ ഒരുകാലത്ത് വിറപ്പിച്ച അധോലോക നേതാവ് മാദ്ധ്യമപ്രവർത്തകൻ ജെ ഡേയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയാണ്. കൊലപാതകം, കള്ളക്കടത്ത്, മയക്കുമരുന്ന് കടത്ത് തുടങ്ങി നിരവധി കേസുകളിൽ വിചാരണ നേരിടുന്ന രാജൻ അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ ആദ്യകാല സഹായിയായിരുന്നു. രണ്ട് പതിറ്റാണ്ടോളം ഒളിവിൽ കഴിഞ്ഞ ഛോട്ടാ രാജനെ ഇന്തോനേഷ്യയിൽ വച്ച് അറസ്റ്റ് ചെയ്യുകയും, 2015 ൽ ഇന്ത്യയിലേക്ക് നാടുകടത്തുകയും ചെയ്തു.

Advertisement
Advertisement