വഴിയിൽ കിട്ടിയ മോതിരം ഉടമയ്ക്ക് നൽകി സ്വർണക്കട ജീവനക്കാരൻ
മാന്നാർ: റോഡിൽ നിന്ന് കിട്ടിയ ഒന്നര പവന്റെ സ്വർണമോതിരം ഉടമയ്ക്ക് തിരികെ നൽകി സ്വർണക്കട ജീവനക്കാരൻ . മാന്നാർ പുളിമൂട്ടിൽ ജൂവലറി ജീവനക്കാരനായ കുരട്ടിക്കാട് കുളത്തിന്റെ കിഴക്കേതിൽ അരുണാചലത്തിനാണ് (68) കഴിഞ്ഞ ദിവസം കുട്ടംപേരൂർ കൊറ്റാർകാവ് ദേവീക്ഷേത്രത്തിന് സമീപം റോഡിൽനിന്നും സ്വർണ്ണമോതിരം കിട്ടിയ ത്. ഉടൻ തന്നെ മകനുമായി ചേർന്ന് മാന്നാർ പൊലീസ് സ്റ്റേഷനിൽ എത്തി മോതിരം ഏൽപിച്ചു. ഇക്കാര്യം സമൂഹമാദ്ധ്യമങ്ങളിലൂടെ അറിഞ്ഞ മോതിരത്തിന്റെ ഉടമ മാന്നാർ ഇരമത്തൂർ മിഥുൻ നിവാസിൽ മധു പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുകയും തുടർന്ന് മാന്നാർ എസ്.എച്ച്.ഒ ജോസ് മാത്യുവിന്റെ സാന്നിധ്യത്തിൽ അരുണാചലം മോതിരം മധുവിന് കൈമാറുകയും ചെയ്തു. അരുണാചാലത്തിനനെ മാന്നാർ പൊലീസ് അഭിനന്ദിച്ചു.