അതിരുദ്ര മഹായാഗം എട്ടാംദിനത്തിലേക്ക്

Monday 16 January 2023 12:14 AM IST
വട്ടേക്കാട് തപോവനം ശ്രീ ദക്ഷിണാമൂർത്തി നവഗ്രഹ ശിവക്ഷേത്രത്തിൽ നടന്നുവരുന്ന അതിരുദ്ര മഹായാഗത്തിന്റെ സാംസ്‌കാരിക സമ്മേളനം ചലച്ചിത്ര താരം സുധീർ സുകുമാരൻ ഉദ്ഘാടനം ചെയ്യുന്നു.

കൊടകര: വട്ടേക്കാട് തപോവനം ശ്രീ ദക്ഷിണാമൂർത്തി നവഗ്രഹ ശിവക്ഷേത്രത്തിൽ നടന്നുവരുന്ന അതിരുദ്ര മഹായാഗത്തിന്റെ ഏഴാം ദിനമായ ഇന്നലെ രാവിലെ അഞ്ചിന് ചടങ്ങുകൾ ആരംഭിച്ചു. കലശ പൂജയ്ക്ക്‌ശേഷം 11 ഹോമകുണ്ഡങ്ങളിൽ ആവാഹനക്രിയകൾ നടത്തി. തുടർന്ന് യജുർവേദത്തിലെ ശ്രീരുദ്ര മന്ത്രജപം 121 ആചാര്യന്മാർ ചേർന്ന് നടത്തി. ശേഷം കലശ കുംഭങ്ങൾ നവഗ്രഹ ശിവക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ച് വിഗ്രഹത്തിൽ കലശാഭിഷേകവും ഉച്ചപൂജയും മംഗളാരതിയും നടത്തി. കാശിയിൽ നിന്ന് എത്തിച്ച ശിവലിംഗത്തിൽ ലോകനന്മക്കായി ഋഗ്വേദ മന്ത്രമായ ഐക്യമത്യ സൂക്തം ചൊല്ലി അഭിഷേകം നടത്തി. ചക്കുളത്തുകാവ് ക്ഷേത്രം മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി, സിനിമ നിർമാതാവ് അരുൺ ഗോപി, ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് പ്രഭാകരാനന്ദ സരസ്വതി സ്വാമികൾ, ജനറൽ സെക്രട്ടറി ഡോ. വിനീത് ഭട്ട് തന്ത്രികൾ, യാഗം ജനറൽ കൺവീനർ കെ.ആർ. ദിനേശൻ, മറ്റു ഭരണസമിതി അംഗങ്ങൾ എന്നിവർ ചേർന്ന് വിശിഷ്ടാതിഥികളെ സ്വീകരിച്ചു. സാംസ്‌കാരിക സമ്മേളനം ചലച്ചിത്ര താരം സുധീർ സുകുമാരൻ ഉദ്ഘാടനം ചെയ്തു. ഗുരുനാഥൻ അശ്വിനിദേവ് തന്ത്രി അദ്ധ്യക്ഷനായി. എസ്.എൻ.ഡി.പി. യോഗം കൗൺസിലർ പി.കെ. പ്രസന്നൻ മുഖ്യപ്രഭാഷണം നടത്തി. സ്വാഗതസംഘം ജനറൽ കൺവീനർ കെ.ആർ. ദിനേശൻ, സ്വാമി പ്രഭാകരാനന്ദ സരസ്വതി, സ്വാമിനി വസന്താനന്ദ സരസ്വതി, ഡോ. വിനീത് ഭട്ട് തന്ത്രി, കൺവീനർ ജോഷി എടത്താടൻ, സി.കെ. നാരായണൻ കർത്ത എന്നിവർ പ്രസംഗിച്ചു.