കുട്ടികളിൽ ലഹരി, മൂന്നാം കണ്ണുമായി പൊലീസിന്റെ ചിരി
തൃശൂർ: രാസലഹരി കടത്ത് വ്യാപകമായതിനു പിന്നാലെ, കൗമാരക്കാർ ലഹരിക്കടിമപ്പെടുവാനുള്ള സാദ്ധ്യത കണക്കിലെടുത്ത് കൂടുതൽ ശ്രദ്ധ പുലർത്തി പൊലീസ്. കുട്ടികളെ ഭീഷണിപ്പെടുത്തിയോ മർദ്ദിച്ചോ ശകാരിച്ചോ ലഹരിയോടുള്ള അടിമത്തം മാറ്റാൻ കഴിയില്ലെന്നും മറിച്ച് മനഃശാസ്ത്ര വിദഗ്ദ്ധന്റെയോ കൗൺസലിംഗ് വിദഗ്ദ്ധന്റെയോ സഹായം തേടണമെന്നുമാണ് പൊലീസിന്റെ മുന്നറിയിപ്പ്. അതിനുള്ള സഹായവും ചിരി വഴി ലഭ്യമാക്കും.
പെട്ടെന്ന് നിറുത്താൻ കഴിയുന്നതല്ല ലഹരി വസ്തുക്കളോടുള്ള അടിമത്തം. ചികിത്സയ്ക്കിടയിൽ കുട്ടി ചിലപ്പോൾ വീണ്ടും അത്തരം ശീലങ്ങളിലേക്ക് മടങ്ങിപ്പോയേക്കാം. അപ്പോഴെല്ലാം ക്ഷമയോടെ കുട്ടിയെ കൗൺസലിംഗ് നൽകി മടക്കിക്കൊണ്ടുവരാൻ ശ്രമിക്കണം. ചിരി പദ്ധതിയിലൂടെ ഇത്തരം കുട്ടികൾക്ക് മികച്ച മാനസിക വിദഗ്ദ്ധരുടെ സേവനം കൗൺസലിംഗിലൂടെ തുടർന്നും ലഭ്യമാക്കും. കുട്ടികളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും പെട്ടെന്നുണ്ടാകുന്ന പ്രകടമായ മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അവരുടെ ദൈനംദിന പ്രവൃത്തികൾ, ഇടപെടലുകൾ തുടങ്ങിയവ കൃത്യമായി നിരീക്ഷിക്കണം. ലഹരി വസ്തുക്കളുടെ ഉപയോഗം ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതല്ല. തുടക്കത്തിലേ കണ്ടുപിടിക്കാൻ കഴിഞ്ഞാൽ വലിയ പ്രയാസമില്ലാതെ ഈ ദുശ്ശീലത്തിൽ നിന്ന് കുട്ടികളെ പിന്തിരിപ്പിക്കാൻ സാധിക്കും.
എന്തെന്ന് അറിയാനുള്ള ആകാംക്ഷ, ബോറടി മാറ്റാനുള്ള വഴി, കൂട്ടുകാരുടെ പ്രലോഭനം, വീട്ടിലെ പ്രശ്‌നങ്ങൾ മറക്കാൻ എന്നിങ്ങനെ ലഹരിവസ്തുക്കളിലേക്ക് ശ്രദ്ധതിരിയാനുള്ള കാരണങ്ങൾ നിരവധിയാണ്. നല്ലതും ചീത്തയും കൃത്യമായി അപഗ്രഥിച്ചെടുക്കാനും ശരിയായ തീരുമാനങ്ങൾ കൈക്കൊള്ളാനും പക്വത ആർജിക്കാത്ത കാലഘട്ടമാണ് കൗമാര പ്രായമെന്നും അതിനാൽ എന്തിനോടും കൗതുകം തോന്നുമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
കുട്ടികളിലെ മാറ്റങ്ങൾ ശ്രദ്ധിക്കാം: അകാരണമായി ദേഷ്യപ്പെടുക. പ്രത്യേകിച്ചു കാരണമില്ലാതെ പഠനനിലവാരത്തിൽ പിന്നോട്ടു പോകുക. രഹസ്യങ്ങൾ ഒളിപ്പിക്കാൻ ശ്രമിക്കുക. കൂടുതൽ പണം ആവശ്യപ്പെടുക. വീടുകളിൽ നിന്ന് പൈസ കളവു പോവുക, വിലപിടിപ്പുള്ള സാധനങ്ങൾ കാണാതെ പോകുക. ഉറക്കത്തിന്റെ രീതിയിൽ വരുന്ന വ്യത്യാസം, അമിതമായ ഉറക്കം, കൂടുതൽ സമയം മുറി അടച്ചിടുക. മുറിക്കകത്ത് അസാധാരണമായ മണങ്ങൾ അനുഭവപ്പെടുക. അപരിചിതരോ, പ്രായത്തിൽ മുതിർന്നവരോ ആയ പുതിയ കൂട്ടുകാർ. കൈകളിലോ ദേഹത്തോ കുത്തിവയ്പിന്റെ പാടുകളോ, അസാധാരണമായ നിറവ്യത്യാസമോ കാണുക. വസ്ത്രധാരണരീതിയിൽ വരുന്ന പെട്ടെന്നുള്ള വ്യത്യാസങ്ങൾ. അലസത, ഒന്നും കൃത്യമായി ചെയ്യാനുള്ള നിഷ്ഠ ഇല്ലായ്മ.
രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക് : ഒരു സുഹൃത്ത് എന്ന പോലെ രക്ഷിതാക്കൾ കുട്ടികളോട് പെരുമാറുക. പേടി കൂടാതെ അവന് അല്ലെങ്കിൽ അവൾക്ക് എന്തും വന്നു രക്ഷിതാക്കളോട് പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് തോന്നണം. അതോടെ പ്രശ്‌നങ്ങൾ കുട്ടികൾ തുറന്നുപറയും.
ചിരിയിലേക്ക് വിളിക്കാനുള്ള നമ്പർ: 9497900200