ചുമട്ട് തൊഴിൽ നിയമ ഭേദഗതി അനിവാര്യം: രമേശ് ചെന്നിത്തല

Monday 16 January 2023 12:25 AM IST

തൃശൂർ: ചുമട്ടു തൊഴിലാളികൾ ഇന്ന് അനുഭവിക്കുന്ന അരക്ഷിതാവസ്ഥയ്ക്ക് പരിഹാരമായി ചുമട്ടു തൊഴിൽ നിയമ ഭേദഗതി വരുത്തേണ്ടത് അനിവാര്യതയാണെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് രമേശ് ചെന്നിത്തല. ജില്ലാ ദേശീയ ചുമട്ടുതൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വർഷങ്ങളായി തൊഴിൽ ചെയുന്ന മേഖലകളിൽ ചില ഉദ്യോഗസ്ഥർ ഇതരസംസ്ഥാന തൊഴിലാളികൾക്ക് അടക്കം തൊഴിൽ കാർഡ് അനുവദിച്ച് അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന നടപടിക്കെതിരെ ശക്തമായ സമരപരിപാടികൾക്ക് തുടക്കം കുറിക്കുമെന്ന് സമ്മേളനം മുന്നറിയിപ്പ് നൽകി. യൂണിയൻ പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളി അദ്ധ്യക്ഷനായി.

ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, യു.ഡി.എഫ് ചെയർമാൻ എം.പി. വിൻസെന്റ്, ടി.വി. ചന്ദ്രമോഹൻ, വി.ആർ. പ്രതാപൻ, ടി.എം. കൃഷ്ണൻ, ഇ. ഉണ്ണിക്കൃഷ്ണൻ, എ.എ. ജോസ്, കെ.സി. ബാബു, ആന്റണി കുറ്റുക്കാരൻ, എ.ടി. ജോസ്, വി.എ. ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു.