ഹിമാലയം കയറിയ അനുഭൂതി പകർന്ന് 'കയറ്റം'

Monday 16 January 2023 6:27 PM IST

ലീഡ്

സനൽകുമാർ ശശിധരന്റെ സംവിധാന മികവ് പ്രകടമാക്കിയ കയറ്റം ബാനർ ഫിലിം സൊസൈറ്റി

പ്രേക്ഷകർക്കായി പ്രദർശിപ്പിച്ചു.

മഞ്ജു വാര്യരുടെ വ്യത്യസ്ഥമായ പെർഫോമൻസ്

-----------------------------------------------------------------------------------

' യേതൊന്നാണോ ഇല്ലാത്തത് അതാണ് മായ'.ഉപനിഷത്ത് വ്യാഖ്യാനിച്ചാണ് ബ്രഹ്മസത്യം

ജഗൻമിഥ്യ എന്ന സങ്കല്പം ആദിശങ്കരൻ അവതരിപ്പിച്ചത്. വേദാന്തത്തിലെ മായാ സങ്കല്പത്തെയും ബ്രഹ്മത്തെയും തന്റെ സിനിമയുടെ അന്തർധാരയാക്കി അവതരിപ്പിച്ചിരിക്കുകയാണ് കയറ്റം എന്ന ചിത്രത്തിലൂടെ പ്രശസ്ത സംവിധായകനായ സനൽകുമാർ ശശിധരൻ. രണ്ട് വർഷം മുമ്പ് ഐ.എഫ്.എഫ്.കെ യിൽ പ്രഥമ പ്രദർശനം നടത്തിയ ഈ ചിത്രം ചലച്ചിത്രോത്സവത്തിനുശേഷം ഇതാദ്യമായി തിരുവനന്തപുരത്തെ ബാനർ ഫിലിം സൊസൈറ്റി കഴിഞ്ഞ ദിവസം ലെനിൻ ബാലവാടിയിൽ പ്രദർശിപ്പിച്ചു. നിർമ്മാണ പങ്കാളികളുമായുണ്ടായ ഭിന്നതകളാണ് ചിത്രത്തിന്റെ റിലീസ് വൈകിപ്പിച്ചത്. നിറഞ്ഞ സദസിലായിരുന്നു പ്രദർശനം.

ശരിക്കും ഹിമാലയം കയറിയ ഒരു അനുഭവമാണ് കയറ്റം പ്രേക്ഷകർക്ക് സമ്മാനിച്ചത്. പ്രപഞ്ചം ഉണ്ടെന്ന് പറയുമ്പോഴും അത് വെറും തോന്നലാണെന്നാണ് മായ സങ്കല്പം വിശദീകരിക്കുന്നത്. ആത്യന്തികമായുള്ളത് ബോധം മാത്രമാണെന്നും അതായത് ബ്രഹ്മം മാത്രമാണെന്നും ആ സങ്കല്പം വ്യക്തമാക്കുന്നു.

കയറ്റത്തിൽ മഞ്ജു വാര്യർ അവതരിപ്പിക്കുന്ന കഥാപാത്രം മായയാണ്. ഒരു ട്രെക്കിംഗ് സംഘത്തിലെ അംഗമാണവർ. സംഘത്തിലുള്ള രണ്ട് ചെറുപ്പക്കാരുടെ കണ്ണിലൂടെ മായയെ കാണുന്ന രീതിയിൽ തികച്ചും ലളിതമായിട്ടും എന്നാൽ ആവശ്യത്തിനുള്ള പിരിമുറുക്കത്തോടും കൂടിയാണ് ചിത്രം മുന്നോട്ടുപോകുന്നത്. സംഗീതത്തെ മികച്ച രീതിയിൽ പ്രമേയത്തോട് ഇഴുകിച്ചേർത്തുവെന്നതാണ് കയറ്റത്തിന്റെ മേന്മകളിലൊന്ന്. മഞ്ജുവാര്യരുടെ അഭിനയം ഈ ചിത്രത്തിന്റെ വലിയ സവിശേഷതയാണ്. മികച്ച സംവിധായകന്റെ കൈയ്യിലെത്തുമ്പോൾ ഒരു നടിക്ക് എങ്ങനെയൊക്കെ പെർഫോം ചെയ്യാൻ കഴിയുമെന്ന് കയറ്റം വ്യക്തമാക്കുന്നു. വളരെ പ്രയാസപ്പെട്ടാണ് സിനിമയുടെ ചിത്രീകരണം ഹിമാചലിൽ നടത്തിയത്.

ചിത്രം കാണാൻ സംവിധായകനൊപ്പം അമ്മയും എത്തിയിരുന്നു. സംഗീത സംവിധായകൻ രതീഷ് കുമാർ രവീന്ദ്രൻ, ഗായകനും അഭിനേതാവുമായ ദേവൻ നാരായണൻ എന്നിവരും സന്നിഹിതരായിരുന്നു. പ്രശസ്ത ചലച്ചിത്ര നിരൂപകനായ എം.എഫ്.തോമസ് ,ബിജു ബാനർ എന്നിവർ സംസാരിച്ചു. ചോദ്യങ്ങൾക്ക് സനൽ മറുപടി നൽകി. മെൽബൺ ഇന്ത്യാ ഫിലിം ഫെസ്റ്റിവലിലടക്കം ചിത്രം അംഗീകാരങ്ങൾ നേടിയിരുന്നു.

Advertisement
Advertisement