സിപിഎം നേതാവിന്റെ ഭാര്യക്ക് മുന്നിൽ നഗ്നതാ പ്രദർശനം, ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പാർട്ടി നടപടി
ആലപ്പുഴ: സി.പി.എം ലോക്കൽ കമ്മിറ്റി അംഗത്തിന്റെ ഭാര്യയ്ക്കു മുന്നിൽ നഗ്നത പ്രദർശിപ്പിച്ചെന്ന ആരോപണത്തെ തുടർന്ന് ബ്രാഞ്ച് സെക്രട്ടറിയെ സ്ഥാനത്തുനിന്ന് നീക്കി. രണ്ടാഴ്ച മുമ്പ് എൽ.സി അംഗം നൽകിയ പരാതിയെ തുടർന്നാണ് കുടുംബാംഗം കൂടിയായ കൊമ്മാടി ലോക്കൽ കമ്മിറ്റിയിലെ കളപ്പുര വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടി സ്വീകരിച്ചത്. മറ്റൊരാൾക്ക് ബ്രാഞ്ച് സെക്രട്ടറിയുടെ ചുമതല നൽകി. കുടുംബ പ്രശ്നങ്ങളാണ് സംഭവത്തിനു പിന്നിലെന്ന് സൂചനയുണ്ട്. എന്നാൽ, സംഘടനാ പ്രവർത്തനത്തിന് സമയം കിട്ടാത്തതിനാൽ ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് ബ്രാഞ്ച് സെക്രട്ടറി നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് മാറ്റിയതെന്ന് ഏരിയ നേതൃത്വം വിശദീകരിക്കുന്നു.
നഗ്നദൃശ്യ വിവാദത്തിൽ കഴിഞ്ഞ ദിവസം സി.പി.എം ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗം എ.പി.സോണയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഫേസ്ബുക്കിൽ പോസ്റ്റിട്ട് എ.പി.സോണയെ പിന്തുണച്ച സി.പി.എം ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ മുൻ നേതാവുമായ എ.ഡി.ജയന് പാർട്ടി ജില്ലാ കമ്മിറ്റി കാരണം കാണിക്കാൻ നോട്ടീസ് നൽകി. സോണക്കെതിരായി പരാതി നൽകിയ മൂന്നു യുവതികളെ ഭീഷണിപ്പെടുത്തുകയും ദൃശ്യങ്ങൾ ബലമായി വാങ്ങിയെടുക്കാൻ ശ്രമിക്കുകയും ചെയ്തെന്നതാണ് കുറ്റം.