ഉഴുന്നുപാടങ്ങൾ പൂക്കുന്നു; ആവേശം പട്ടുവം കാഴ്ച

Monday 16 January 2023 9:44 PM IST

പട്ടുവം: മകരക്കൊയ്തിന് പിന്നാലെ നെല്ലിനെ വിട്ട് ഉഴുന്ന് കൃഷിയിലേക്ക് മാറിയ പട്ടുവം വയലുകൾ വടക്കെ മലബാറിന്റെ പഴയ കാർഷിക സംസ്കൃതിയുടെ വീണ്ടെടുപ്പ് കാഴ്ചയാകുന്നു. കുന്നും പാടങ്ങളും വരണ്ട ഭൂപ്രദേശങ്ങളും കശുമാവിൻ തോട്ടവും വിശാലമായ ജലാശയങ്ങളുമായി എന്നും സഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമായ പട്ടുവത്തെ ഈ ഉഴുന്നുപാടം കണ്ണിന് വിരുന്നൊരുക്കുകയാണ്.

ഒരു തരത്തിലുമുള്ള വളമോ കീടനാശിനിയോ ഇല്ലാതെയാണ് ഇവിടെ ഉഴുന്ന് വിളയുന്നത്.നൂറ്റാണ്ടുകൾക്ക് മുമ്പ് മുറജപ സദ്യയുടെ ഇഡലിയുടെ സ്വാദിനെ വർണ്ണിക്കാറുണ്ടായിരുന്നു. ഇന്നും സ്വാദിഷ്ടമായ ഇഡ്ഡലി കഴിക്കണമെങ്കിൽ പട്ടുവം വയലിലെ ഉഴുന്ന് നിർബന്ധമാണെന്ന ചൊല്ല് തന്നെയുണ്ടായിരുന്നു. തിരുവിതാംകൂറിലേക്കുള്ള പല സ്ഥലങ്ങളിലും ഉത്സവ ആഘോഷങ്ങൾക്കും വിശേഷ ആവശ്യങ്ങൾക്കും വടക്കെ മലബാറിലെ ഉഴുന്നു വേണമെന്ന് ശാഠ്യമുള്ള പാചകക്കാരുമുണ്ടായിരുന്നു. അവർക്കൊക്കെ സ്വാദുള്ള ഉഴുന്ന് നൽകാൻ ഇക്കാലംവരെ സാധിച്ചുവെന്നതാണ് പട്ടുവത്തിന്റെ പ്രത്യേകത. ഇന്നും ഒരു ഭൗമ സൂചികയായി ഈ മലബാർ ഉഴുന്ന് നല്ല രീതിയിൽ കൃഷി ചെയ്യുന്നു.

260 ഹെക്റ്റർ സ്ഥലത്താണ് പട്ടുവത്തെ ഉഴുന്നുപാടങ്ങൾ. ഉഴുന്നില തോരനും കൂട്ടിയുള്ള നാടൻ ശാപ്പാടാണ് ഈ മകരമഞ്ഞിലെ പട്ടുവത്തിന്റെ വിശിഷ്ഠ വിഭവം. സായാഹ്നങ്ങൾ മംഗലശ്ശേരി കാവുങ്കൽ പാടങ്ങൾ ഉഴുന്നില നുള്ളിയെടുക്കുന്ന ഗ്രാമീണ സ്ത്രീകളാൽ നിറയും. ആർക്കും ആരുടെ പാടത്തു നിന്നും ഇല നുള്ളാം.ഇല നുളളിയാൽ ചെടി വേഗം പൂത്ത് കായ്ഫലം കൂടും.

ഉഴുന്നുകൃഷിക്കാരുടെ സംഗമവും

തലശ്ശേരി,​ കണ്ണൂർ പട്ടണത്തിലേക്കുള്ള ഇല തോരനുള്ള ഉഴുന്ന് ഇന്ന് മൈസൂരിൽ നിന്നാണ് വരുന്നത്. പതിനായിരക്കണക്കിന് രൂപയുടെ ഉഴുന്നില ഒരു ദിവസം വിപണിക്ക് ആവശ്യമുണ്ട്. ഈ യാഥാർത്ഥ്യം ഉഴുന്നു കർഷകരെ ബോധ്യപ്പെടുത്തുക,​ ഒരു സംസ്ക്കാരമായി ഉഴുന്നുകൃഷി നിലനിർത്തുന്ന കർഷകരെ ആദരിക്കുക എന്നീ ലക്ഷ്യത്തോടെ കല്യാശേരി എം.എൽ.എ.വിജിലിന്റെ നേതൃത്വത്തിൽ ഉഴുന്നുകൃഷിക്കാരുടെ സംഗമം സംഘടിപ്പിച്ചു.എഴുപതിലേറെ കർഷകരെ ചടങ്ങിൽ ആദരിച്ചു.

വരുന്നു പട്ടുവം ബ്രാൻഡ‌് ഉഴുന്ന്

ഇത്തവണത്തെ ഉഴുന്ന് വിളവെടുപ്പ് സംസ്ഥാന തലത്തിൽ ശ്രദ്ധേയമായ ഒരു പരിപാടിയാക്കി മാറ്റി പട്ടുവം ബ്രാൻഡ് ജൈവ ഉഴുന്ന് വിപണിയിൽ ഇറക്കാൻ തീരുമാനിച്ചിരിക്കുകയാണ്. വരും വർഷങ്ങളിൽ ജില്ലയിലെ ഇലക്കറി വിപണിയിൽ ഉഴുന്നില ബ്രാൻ‌ഡ് ചെയ്ത് ഇറക്കി കർഷകരുടെ വരുമാനം ഇരട്ടിയാക്കാനും തീരുമാനിച്ചു. ഒരു മാസം കഴിഞ്ഞ് ഒരു ഒരു മഹാ വിളവെടുപ്പ് ഉത്സവത്തിന് കണ്ടു മുട്ടാം എന്ന ധാരണയിൽ കാര്യപരിപാടികളും എം.എൽ.എയുടെ നേതൃത്വത്തിൽ തയ്യാറാക്കി.

കഞ്ഞിക്കുഴി പയർ പോലെ,​കുറ്റിയാട്ടൂർ മാങ്ങ പോലെ,​ചങ്ങാലിക്കോടൻ പഴം പോലെ,​ തിരൂർ വെറ്റില പോലെ ഇനി നമുക്ക് വേണ്ടി പട്ടുവം ഉഴുന്നും വിപണിയിലെത്തണം-

സജീവൻ കാവുങ്കര, ഇലക്കറി ഗവേഷകൻ

Advertisement
Advertisement