ആകാശംതൊട്ട് ആത്മവിശ്വാസം; പഠനത്തിൽ ആവേശം പകരും 'ഫൈൻ ട്യൂൺ"

Monday 16 January 2023 10:08 PM IST

കണ്ണൂർ: ആത്മവിശ്വാസത്തോടെ മുന്നേറിയാൽ വിജയം കൈപ്പിടിയിലാകുമെന്ന് ബോദ്ധ്യപ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷ കേരളം, ജില്ല ഇൻഫർമേഷൻ ഓഫീസ് എന്നിവയുടെ പഠന പ്രോത്സാഹന പരിപാടി. ഫൈൻ ട്യൂൺ എന്ന പേരിലുള്ള ഈ പദ്ധതിയുടെ ഭാഗമായി തളിപ്പറമ്പ് സീതി സാഹിബ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ക്ലാസ് വിദ്യാർത്ഥികൾക്ക് രസകരമായ ആശയ സംവാദത്തിനുള്ള വേദിയായി. .
യംഗ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം പരിശീലകനായ ജിതിൻ ശ്യാമിന്റെ ക്ലാസ് കളികളും കാര്യങ്ങളും പങ്കുവച്ചായിരുന്നു പുരോഗമിച്ചത്. 'ചാൻസിനെ 'ചെയിഞ്ചാ'ക്കുന്നവർക്കാണ് ജീവിത വിജയമെന്ന് പ്രശസ്തരുടെ ജീവിത പാഠങ്ങളിലൂടെ ജിതിൻ ശ്യാം കുട്ടികളെ ബോധ്യപ്പെടുത്തി. ഇഷ്ടമുള്ള കോഴ്‌സ് തിരഞ്ഞെടുത്ത് പഠിക്കാനും ലക്ഷ്യത്തിലെത്താനുമുള്ള പ്രേരണ ക്ലാസിലൂടെ ലഭിച്ചതായി വിദ്യാർഥികൾ സാക്ഷ്യപ്പെടുത്തി. ആത്മവിശ്വാസത്തിന്റെ നിറവിൽ ആകാശം തൊട്ടാണ് വിദ്യാർഥികൾ ക്ളാസ് കഴിഞ്ഞ് മടങ്ങിയത്.

കണ്ണൂരിലെ പതിനഞ്ച് വിദ്യാലയങ്ങളിൽ
പ്രത്യേകം തയ്യാറാക്കിയ മൊഡ്യുൾ അനുസരിച്ചാണ് ഫൈൻ ട്യൂൺ പദ്ധതി തയ്യാറാക്കിയത്. സ്‌കൂളിലെ പ്ലസ് ടു, ഹൈസ്‌കൂൾ വിദ്യാർത്ഥികളായ 50 പേരാണ് പദ്ധതിയുടെ ഭാഗമായത്. ഫൈൻ ട്യൂൺ ആദ്യഘട്ടത്തിൽ ജില്ലയിലെ 15 വിദ്യാലയങ്ങളിൽ നടപ്പാക്കും. ജനുവരി 20നകം ക്ലാസുകൾ പൂർത്തിയാകും.പാനൂർ പി.ആർ.മെമ്മോറിയൽ ഹയർസെക്കൻഡറിയിൽ ഇന്ന് രാവിലെ 10 മണിക്കും ചുണ്ടങ്ങാപ്പൊയിലിൽ ഉച്ചക്ക് രണ്ട് മണിക്കും ഇ.ഐ ലിതേഷ് ക്ലാസെടുക്കും. ഉച്ചക്ക് രണ്ട് മണിക്ക് പറശ്ശിനിക്കടവ് സ്‌കൂളിൽ ഒ.വി.പുരുഷോത്തമൻ കുട്ടികളുമായി സംവദിക്കും. 18ന് രാവിലെ 10 മണിക്ക് ചിറക്കൽ രാജാസ് ഹയർസെക്കഡറി സ്‌കൂളിൽ ജിതിൻ ശ്യാം ക്ലാസെടുക്കും. സരീഷ് പയ്യമ്പള്ളിയുടെ നേതൃത്വത്തിൽ 19ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കണ്ണൂർ സിറ്റി ഹയർസെക്കൻഡറി സ്‌കൂളിലും 20ന് രാവിലെ 9.30ന് മുഴപ്പിലങ്ങാട് ഹയർ സെക്കൻഡറി സ്‌കൂളിലും പരിപാടി നടക്കും. 19ന് ഉച്ചക്ക് രണ്ട് മണിക്ക് മാട്ടൂൽ സി എച്ച്. എം.കെ.എസ്.ജി.എച്ച്.എസ്.എസിൽ എൻ രാജേഷ് ക്ലാസെടുക്കും.

Advertisement
Advertisement