ചൂട്ടാട് ബീച്ചിലെ അപകടമരണം: മുൻകരുതൽ സ്വീകരിക്കാൻ ഫയർഫോഴ്സ് നിർദ്ദേശം

Monday 16 January 2023 10:14 PM IST
ചൂട്ടാട് ബീച്ച് പാർക്കിൽ പയ്യന്നൂർ ഫയർ സ്റ്റേഷൻ ഓഫീസർ ടി.കെ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഫയർ ഫോഴ്സ് സുരക്ഷാ പരിശോധന നടത്തിയപ്പോൾ

സുരക്ഷാവീഴ്ചകൾ ഏറെ

പഴയങ്ങാടി:ചൂട്ടാട് ബീച്ച് പാർക്ക് കടലിൽ മുങ്ങി സന്ദർശകൻ മരിച്ചതിന്റെ പശ്ചാത്തലത്തിൽ പയ്യന്നൂർ ഫയർ സ്റ്റേഷൻ ഓഫീസർ ടി.കെ.സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഫയർ ഫോഴ്സ് - സിവിൽ ഡിഫൻസ് സംഘം ചൂട്ടാട് ബീച്ചിൽ സുരക്ഷാ പരിശോധന നടത്തി. ആവശ്യമായ സുരക്ഷ മുൻ കരുതലുകൾ സ്വീകരിക്കണമെന്ന് പാർക്ക് അധികൃതർക്ക് കർശന നിർദ്ദേശം നൽകി.

അനിഷ്ട സംഭവങ്ങൾ അടിക്കടിയുണ്ടായിട്ടും അതൊന്നും വക വെക്കാതെ സന്ദർശകർ കടലിലിറങ്ങുകയും, അപകടകരമായ പ്രവൃത്തികളിലേർപ്പെടുകയും ചെയ്യുന്നുണ്ട്. ഇത്തരത്തിൽ സാഹസ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ അതിൽ നിന്നും പിൻതിരിപ്പിക്കാൻ സേനാംഗങ്ങളുടെ പ്രത്യേകം ശ്രദ്ധ ആവശ്യമാണന്ന് സംഘം വിലയിരുത്തി .അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഒ.സി കേശവൻ നമ്പൂതിരി, ഹോം ഗാർഡ് വി.വി പത്മനാഭൻ,സിവിൽ ഡിഫൻസൻ പോസ്റ്റ് വാർഡൻ എൻ കെ ഷറഫുദ്ധീൻ, സിവിൽ ഡിഫൻസ് സേനാംഗങ്ങളായ കെ മുഹമ്മദ് നിസാമുദ്ദീൻ, സി.കെ സിദ്ധാർത്ഥൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

സുരക്ഷാവീഴ്ച

തീരത്ത് സുരക്ഷാ ബോർഡുകൾ സ്ഥാപിക്കണം

ഫയർ എസ്റ്റിഗ്വിറുകൾ സ്ഥാപിക്കണം

സ്ട്രച്ചർ സൗകര്യം ഉറപ്പു വരുത്തണം

ലൈഫ് ജാക്കറ്റ് ധരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം

താൽക്കാലിക വേതന അടിസ്ഥാനത്തിൽ ഒരു ലൈഫ് ഗാർഡിനെ നിയമിച്ചിട്ടുണ്ട്. നിലവിൽ മൂന്ന് സിവിൽ ഡിഫൻസ് അംഗങ്ങളുടെ സേവനം നൽകാനാണ് തീരുമാനം. ബന്ധപ്പെട്ട അധികൃതരുമായി സംസാരിച്ച് സേനാംഗങ്ങളുടെ സേവനം തുടർന്നും പാർക്കിൽ ലഭ്യമാക്കുവാനുള്ള നടപടി ക്രമങ്ങൾ ഉടൻ തന്നെ സ്വീകരിക്കും-പയ്യന്നൂർ ഫയർ സ്റ്റേഷൻ ഓഫീസർ ടി.കെ.സന്തോഷ് കുമാർ