സ്റ്റീരിയോയും ഗ്യാസ് സിലിണ്ടറും മോഷ്ടിച്ചയാൾ അറസ്റ്റിൽ
വെള്ളറട: ജെ.സി.ബിയിൽ നിന്ന് സ്റ്റീരിയോയും വീടിന് പരിസരത്തുനിന്ന് ഗ്യാസ് സിലിണ്ടറും കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ. കഴക്കൂട്ടം മേനംകുളം വില്ലേജിൽ ചിറ്റാറ്റ്മുക്ക് തുമ്പവിളാകം വീട്ടിൽ രഞ്ജിത്താണ് (37) പിടിയിലായത്. മോഷണ വസ്‌തുക്കളുമായി കാറിൽ കടക്കാൻ ശ്രമിക്കുന്നതിനിടെ മൂന്നാറ്റുമുക്കിൽ വച്ചാണ് ഇയാളെ ആര്യങ്കോട് പൊലീസ് പിടികൂടിയത്.
ഇയാൾ മാരകായുധങ്ങൾ ഉപയോഗിച്ച് പൊലീസിനെ ആക്രമിക്കാനും ശ്രമിച്ചു. ഇയാളുടെ ഒപ്പമുണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടു. ഒറ്റശേഖരമംഗലം കുരവറ മമൽ ഹൗസിൽ അനിൽകുമാറിന്റെ ജെ.സി.ബിയിൽ നിന്ന് സ്റ്റീരിയോയും വീട്ടിന്റെ പരിസരത്തുനിന്ന് ഗ്യാസ് സിലിണ്ടറുമാണ് കവർന്നത്. KL-32-L-3948 നമ്പർ മാരുതി ഓൾട്ടോ കാറിലെത്തിയാണ് കവർച്ച നടത്തിയത്. വീട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം നടത്തുന്നതിനിടെ മൂന്നാറ്റുമുക്കിൽ സംശയാസ്‌പദമായ സാഹചര്യത്തിൽ കാർ കണ്ടെത്തുകയായിരുന്നു. രഞ്ജിത്തിനെതിരെ പൊലീസിനെ ആക്രമിച്ചതിനും കേസെടുത്തിട്ടുണ്ട്. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.