ജയിലിലായ ലക്ഷദ്വീപ് എം.പിയുടെ ആറളം സന്ദർശനം വിവാദത്തിൽ : രണ്ടുവർഷത്തിനുള്ളിൽ എത്തിയത് 30 തവണ

Monday 16 January 2023 10:19 PM IST

ആറളം: വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ട ലക്ഷദീപ് എം.പിയും എൻ.സി.പി നേതാവുമായ മുഹമ്മദ് ഫൈസൽ കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ 30 തവണ ആറളത്തെ വനംവകുപ്പിന്റെ അതിഥി മന്ദിരത്തിൽ സുഖവാസത്തിനെത്തിയതായി തെളിവുകൾ പുറത്ത്. സുഖവാസത്തെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്രസംസ്ഥാന അന്വേഷണ ഏജൻസികൾ ഇന്നലെ ആറളത്ത് എത്തി തെളിവെടുപ്പ് നടത്തി.വധശ്രമക്കേസിൽ പത്ത് വർഷം കോടതി ശിക്ഷിക്കുകയും ഇതേതുടർന്ന് എം.പി സ്ഥാനം നഷ്ടപ്പെടുകയും ചെയ്ത മുഹമ്മദ് ഫൈസലിന്റെ കണ്ണൂർ ആറളത്തേക്കുള്ള യാത്രയാണ് ഇപ്പോൾ വിവാദമായിട്ടുള്ളത്.

വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥയുടെ ഒത്താശയോടെയാണ് മുഹമ്മദ് ഫൈസലിന് താമസം ഒരുക്കിയതെന്നാണ് സൂചന. കൂടാതെ, കൊച്ചിയിലെ ആഢംബര ഹോട്ടലിലും തലശേരി, കണ്ണൂർ എന്നിവടങ്ങളിലെ റിസോർട്ടിലും എം.പി താമസിച്ചതിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.

വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥയുടെ കൂളിംഗ് ഒട്ടിച്ച ബീക്കൺ ലൈറ്റ് ഘടിപ്പിച്ച ഔദ്യാഗിക വാഹനത്തിലായിരുന്നു എം.പിയുടെ സ്ഥിരം സഞ്ചാരമെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

അതിഥി മന്ദിരത്തിലെ രജിസ്റ്ററിൽ രേഖപ്പെടുത്താതെയുള്ള എം.പിയുടെ വരവും കർണാടകയിലേക്കുള്ള ചില യാത്രകളും കേന്ദ്ര ഏജൻസികൾ നേരത്തെ തന്നെ നിരീക്ഷിച്ചുവന്നിരുന്നു.

രാത്രി യാത്രാ നിരോധനം നിലനിന്നിരുന്ന വേളയിൽ എം.പിയോടൊപ്പം ഉദ്യോഗസ്ഥ ഔദ്യാഗിക വാഹനത്തിൽ എത്തി അതിർത്തി കടത്തിവിട്ടതായുള്ള റിപ്പോർട്ടും പുറത്തു വന്നിട്ടുണ്ട്.