വൃദ്ധനെ അടിച്ചുവീഴ്ത്തി ഗുണ്ടാസംഘം: ഷാപ്പിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

Tuesday 17 January 2023 12:23 AM IST

ഏറ്റുമാനൂർ : അതിരമ്പുഴയിൽ ആഴ്ചകളുടെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഗുണ്ടാ വിളയാട്ടം. മണ്ണാർകുന്നിൽ പള്ളിയിൽ പോയ വൃദ്ധനെ അടിച്ചുവീഴ്ത്തിയ സംഘം മുൻപ് സംഘർഷം ഉണ്ടായ അതിരമ്പുഴ മുണ്ടുവേലിപ്പടിയ്ക്കു സമീപമുള്ള പ്രവാസിയുടെ കള്ളുഷാപ്പിലും സംഘർഷമുണ്ടാക്കി. ഞായറാഴ്ചയാണ് ഇരു സംഭവങ്ങളും ഉണ്ടായത്. മണ്ണാർകുന്ന് സെന്റ് ഗ്രിഗോറിയോസ് പള്ളിയിൽ തിരുനാൾ കർമ്മങ്ങളിൽ സംബന്ധിക്കാൻ എത്തിയ നാട്ടുവഴിപറമ്പിൽ ഗ്രിഗോറിയോസി (കുഞ്ഞച്ചൻ , 68) നെയാണ് പള്ളിയ്ക്ക് സമീപം വച്ച് രണ്ടംഗ സംഘം ക്രൂരമായി മർദ്ദിച്ചത്.

കുഞ്ഞച്ചനെ മർദ്ദിക്കാൻ വരും വഴി അക്രമികൾ റോഡിൽ വച്ച് കുഞ്ഞച്ചന്റെ മകനെ തടഞ്ഞു നിറുത്തി കൈയേറ്റം ചെയ്തിരുന്നു. ശനിയാഴ്ച ഇരുവരും കുഞ്ഞച്ചനുമായി പള്ളിയിൽ വച്ചും വാക്കുതർക്കമുണ്ടായിരുന്നു. കുഞ്ഞച്ചനെ മർദ്ദിച്ച ശേഷം 11 മണിയോടെ മുണ്ടുവേലിപ്പടിയിലെ കള്ളുഷാപ്പിലെത്തി മദ്യപിച്ച ഇരുവരും വൈകിട്ട് നാലരയോടെ വീണ്ടുമെത്തിയാണ് പ്രശ്‌നങ്ങൾ സൃഷ്ടിച്ചത്. ഈ സമയം ഇരുപതിലേറെ സ്ത്രീകൾ ഉൾപ്പെടെ അമ്പതോളം പേർ ഷാപ്പിനോട് ചേർന്നുള്ള റസ്റ്റോറന്റിൽ ഉണ്ടായിരുന്നു. മേശയ്ക്കു മേൽ കാൽ കയറ്റിയിരുന്ന ഇവരോട് കാൽ താഴ്ത്തിയിരിക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടതോടെ അസഭ്യം പറയുകയും സംഘർഷമുണ്ടാക്കുകയുമായിരുന്നു. സംഘർഷത്തിൽ ജീവനക്കാർക്ക് പരിക്കേറ്റു. രാത്രിയിൽ ഷാപ്പ് പൂട്ടി ഉടമയും ജീവനക്കാരും മടങ്ങുന്നത് കാത്ത് ഓട്ടോറിക്ഷയിൽ അക്രമികൾ കാത്തു നിൽക്കുന്നുണ്ടായിരുന്നുവെന്ന് ഷാപ്പ് ഉടമ ജോർജ് വർഗീസ് പറഞ്ഞു. അതിരമ്പുഴയിലെ ഓട്ടോറിക്ഷ ഡ്രൈവറും മത്സ്യവിൽപനശാലയിലെ ജീവനക്കാരനുമാണ് അക്രമികളെന്ന് ജോർജ് പറഞ്ഞു. രാത്രി ഏഴു മണിയോടെ ജോർജ് വർഗീസ് ഏറ്റുമാനൂർ സ്റ്റേഷനിലെത്തി പരാതി നൽകി. ഒമ്പതോടെ പൊലീസ് സ്ഥലത്തെത്തി.

മർദ്ദനമേറ്റ കുഞ്ഞച്ചൻ ഇന്ന് പരാതി നൽകും.