കാറ്റു പോയ കോട്ടയം ചുട്ടുപൊള്ളുന്നു

Tuesday 17 January 2023 12:25 AM IST

കോട്ടയം: രാത്രി മുതൽ പുലർച്ചെ വരെ കനത്ത മഞ്ഞ്, പിന്നെ പൊള്ളുന്ന ചൂട്, ആഴ്ചകളായി സംസ്ഥാനത്തെ കാലാവസ്ഥ ഇതാണ്. അതിനിടെ കഴിഞ്ഞദിവസം രാജ്യത്തെ സമതല പ്രദേശങ്ങളിലെ ചൂടേറിയ നഗരമായി കോട്ടയം മാറി. കാറ്റിന്റെ കുറവാണ് ജില്ലയിൽ ചൂട് കൂടാൻ കാരണം. തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ കണക്ക് പ്രകാരം ഇന്നലെ പുനലൂർ ( 35 ഡിഗ്രി) കഴിഞ്ഞാൽ കൂടുതൽ ചൂട് കോട്ടയത്തായിരുന്നു (34.5 ഡിഗ്രി). ഏതാനും ദിവസങ്ങളായി കോട്ടയമായിരുന്നു മുന്നിൽ.

വെള്ളിയാഴ്ച രാജ്യത്തെ ചൂട് കൂടിയ ഇടവും കോട്ടയമായിരുന്നു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകളേക്കാൾ ഉയർന്ന ചൂടാണ് സ്വകാര്യ സ്ഥാപനങ്ങളിലെ താപനിരീക്ഷണ സംവിധാനങ്ങളിൽ നിന്നും ഓട്ടോമാറ്റിക് മാപിനികളിൽ നിന്നും ലഭിക്കുന്നത്. മഴമുന്നറിയിപ്പും ജില്ലയിലില്ല. കടുത്ത വരൾച്ചയ്ക്കുള്ള സാദ്ധ്യതയും വിദഗ്ദ്ധർ തള്ളുന്നില്ല.

 കാർമേഘം കാണാനില്ല

ചൂട് കൂടുമ്പോൾ ആശ്വാസമായി മഴ ലഭിക്കാറുണ്ട്. കഴിഞ്ഞ മാസം ജില്ലയിലെ ചിലയിടങ്ങളിൽ മഴ പെയ്തു. ചൂട് കാലത്ത് പെയ്യുന്ന മഴയുടെ അളവും കുറവാണ്. 84 ശതമാനം മഴയാണ് ഈ സമയത്ത് കുറഞ്ഞത്.

ഇന്നലെത്തെ ചൂട്

 കോട്ടയം- 34.5 ഡിഗ്രി

 പുനലൂർ- 35 ഡിഗ്രി

 റെ​ക്കാ​ഡ് ​മ​ഴ​ പെയ‌്തിട്ടും കനിവില്ല

നിറഞ്ഞൊഴുകിയിരുന്ന ജില്ലയിലെ നദികളിലെ വെള്ളം അടിത്തട്ടിലെത്തി. പാറക്കെട്ടുകളും പുല്ലും തെളിഞ്ഞു. മണിമല പാലത്തിന് സമീപം പാറക്കൂട്ടങ്ങൾ എഴുന്നു നിൽക്കുന്നു. മുൻ വർഷങ്ങളിൽ കൂടുതൽ മഴ ലഭിച്ചിട്ടും നാലു മാസം ജില്ല കടുത്ത വരച്ചയെ അഭിമുഖീകരിച്ചിരുന്നു. ശരാശരിയേക്കാൾ 60 മില്ലീമീറ്റർ അധിക മഴയാണ് അന്ന് പെയ്തത്. ഇക്കുറിയും ജില്ലയിൽ റെക്കാഡ് മഴയാണ് ലഭിച്ചത്.

വറ്റുന്ന നദികൾ

 മഴയുള്ളപ്പോൾ വേഗത്തിൽ നിറയുന്ന നദികൾ പെട്ടെന്ന് വറ്റുന്നു

 പ്രളയ ശേഷം അടിഞ്ഞ പൊടിമണലിൽ വെള്ളം താഴുന്നില്ല

 വീടിന്റെയും സ്ഥാപനങ്ങളുടെയും മുറ്റത്ത് ടൈൽ പാകിയതും പ്രശ്‌നം

'ഭൂപ്രകൃതിയുടെ മാറ്റമാണിത്. കോൺക്രീറ്റ് കെട്ടിടങ്ങൾ കൂടിയതും ചൂട് വർദ്ധിക്കാൻ കാരണമായി. അന്തരീക്ഷ ഈർപ്പം വർദ്ധിച്ചതിനാൽ ചൂട് ഇരട്ടിയായതു പോലെ അനുഭവപ്പെടും''

- ഡോ.രാജഗോപാൽ കമ്മത്ത്, കാലാവസ്ഥ വിദഗ്ദ്ധൻ