നയന മരിച്ചുകിടന്ന വീട്ടിൽ ഇന്ന് ക്രൈംബ്രാഞ്ച് പരിശോധന

Tuesday 17 January 2023 1:19 AM IST

തിരുവനന്തപുരം:യുവ സംവിധായിക നയനാ സൂര്യനെ മരിച്ച നിലയിൽ കണ്ടെത്തിയ വെള്ളയമ്പലം ആൽത്തറ ജംഗ്ഷനു സമീപത്തെ വാടക വീട് ഇന്ന് ക്രൈംബ്രാഞ്ച് സംഘം പരിശോധിക്കും.വീടിന്റെ ഘടനയും നയന മരിച്ചുകിടന്ന മുറിയും നേരിൽ കണ്ട് മനസിലാക്കുകയാണ് ലക്ഷ്യം.മരണം നടന്ന് നാലുവർഷമായതിനാൽ ഇവിടെനിന്ന് കാര്യമായ തെളിവുകളൊന്നും ലഭിക്കാൻ സാദ്ധ്യതയില്ല. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി.ജലീൽ തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വീട് പരിശോധിക്കുക. നയനയെ മരിച്ച നിലയിൽ കണ്ടെത്തിയ മുറി അകത്തുനിന്ന് കുറ്റിയിട്ടിരുന്നോ എന്ന കാര്യത്തിൽ ക്രൈംബ്രാ‍ഞ്ച് വ്യക്തത വരുത്തും. കേസ് പുനപരിശോധിച്ച എ.സി ജെ.കെ.ദിനിൽ മുറി അകത്തുനിന്ന് പൂട്ടിയിരുന്നില്ലെന്ന റിപ്പോർട്ടാണ് നൽകിയത്. ഇപ്പോൾ ഈ വീട്ടിൽ മറ്റൊരു വാടകക്കാർ താമസിക്കുന്നുണ്ട്. വീട് പെയിന്റടിച്ച് മോടി പിടിപ്പിച്ചെങ്കിലും വാതിലുകളും ജനാലകളും മാറ്റിയിട്ടില്ല. മുൻവാതിൽ തുറക്കാതെ വീട്ടിലേക്ക് കടക്കാൻ ബാൽക്കണി ഉള്ളതിനാൽ അതും ക്രൈംബ്രാഞ്ച് പരിശോധിക്കും.ഇന്നലെ ക്രൈംബ്രാഞ്ചിന്റെ 13 അംഗസംഘം എസ്.പി എസ്.മധുസൂദനന്റെ നേതൃത്വത്തിൽ യോഗം ചേർന്നു.പല സംഘങ്ങളായി തിരിഞ്ഞ് കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചകൾ നടത്തിയ ശേഷമാണ് ഇന്നലെ മുഴുവൻ ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ച് 'പ്ലാൻ ഒഫ് ആക്ഷൻ' തയ്യാറാക്കിയത്. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് പുതിയ കേസ് രജിസ്റ്റർ ചെയ്താണ് അന്വേഷണം നടത്തുന്നത്. മൊഴിയെടുക്കൽ അടുത്ത ഘട്ടത്തിലായിരിക്കും. നയനയുടെ മരണശേഷം ആദ്യം മൊഴി നൽകിയ സഹോദരൻ മധുവിന്റെ മൊഴിയാകും ആദ്യം രേഖപ്പെടുത്തുക.മുമ്പ് വിട്ടുപോയ കാര്യങ്ങളോ പുതിയ വിവരങ്ങളോ കണ്ടെത്തുകയാണ് ലക്ഷ്യം. തുടർന്ന് നയന മരിച്ചുകിടന്ന മുറിയിൽ ആദ്യം പ്രവേശിച്ച മൂന്നു സുഹൃത്തുക്കളുടെയും മൊഴികൾ വീണ്ടുമെടുക്കും.