പഞ്ചായത്തിന് അരക്കോടി, ഫാമുകളിലേക്ക് മന്ത്രി... പാൽസമൃദ്ധിക്ക് ദൗത്യം

Monday 16 January 2023 10:30 PM IST

തൃശൂർ: തെരഞ്ഞെടുത്ത ഒരു പഞ്ചായത്തിന് 50 ലക്ഷം രൂപ അനുവദിച്ച് ക്ഷീരഗ്രാമം പദ്ധതി, മന്ത്രി അടക്കം ഫാമുകളിലെത്തുന്ന പാൽ ഉൽപ്പാദന വർദ്ധന ലക്ഷ്യമിട്ട പ്രവർത്തനങ്ങൾ എന്നിവയുമായി ക്ഷീരവികസനവകുപ്പ്. ക്ഷീരഗ്രാമം പദ്ധതിക്കായി സംസ്ഥാനത്തെ 20 പഞ്ചായത്തുകളെയാണ് തെരഞ്ഞെടുത്തത്. ജില്ലയിലെ മാടക്കത്തറ, താന്ന്യം പഞ്ചായത്തുകളും ഉൾപ്പെടും. ഇതോടൊപ്പം ക്ഷീരകർഷക സംഗമവും നടത്തും. പാൽ ഉൽപാദനത്തിൽ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് നടപ്പാക്കുന്ന ഈ പദ്ധതിയിൽ രണ്ട് പശുക്കൾ അടങ്ങുന്ന 32 യൂണിറ്റുകളാണുണ്ടാവുക. ഓരോ യൂണിറ്റിനും 46,500 രൂപ ധനസഹായം നൽകും.

പ്രശ്‌നങ്ങൾ കണ്ടറിയാൻ മന്ത്രി

ക്ഷീരസംഗമത്തിന്റെ ഭാഗമായി ക്ഷീര വികസന മന്ത്രി ജെ. ചിഞ്ചുറാണിയുടെ നേതൃത്വത്തിൽ ക്ഷീര കർഷകരുടെ ഫാമുകൾ സന്ദർശിക്കും. ഒല്ലൂക്കര, മാടക്കത്തറ, പാണഞ്ചേരി, പുത്തൂർ, നടത്തറ, വിൽവട്ടം, തൃശൂർ കോർപ്പറേഷൻ പരിധിയിലെ തെരഞ്ഞെടുക്കുന്ന ഫാമുകൾ, സൊസൈറ്റി, പാൽ മൂല്യവർദ്ധിത ഉൽപ്പാദന യൂണിറ്റ്, യുവക്ഷീരകർഷന്റെ ഫാം, ഡയറി ഫാം തുടങ്ങിയവ മന്ത്രി സന്ദർശിക്കും. ക്ഷീരവകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥന്മാർ, വെറ്ററിനറി സർവകലാശാലയിലെ വിദഗ്ദ്ധർ , മൃഗസംരക്ഷണ, ക്ഷീര വകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെ മന്ത്രിയോടൊപ്പമുണ്ടാകും. കർഷകപ്രശ്‌നങ്ങൾ, ക്ഷീരകൃഷി അനുഭവങ്ങൾ, പുതിയ നിദ്ദേശങ്ങൾ എന്നിവ മന്ത്രി മനസിലാക്കും. റവന്യൂമന്ത്രി കെ. രാജന്റെ അദ്ധ്യക്ഷതയിൽ വിവിധ സബ് കമ്മിറ്റി യോഗം ചേർന്നിരുന്നു.

160 സ്റ്റാളുകളുമായി എക്‌സ്‌പോ

ക്ഷീരമേഖലയുടെ സമഗ്രവികസനത്തിനായുള്ള ക്ഷീരകർഷകസംഗമം ഫെബ്രുവരി 13ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 10 മുതൽ 15 വരെ മണ്ണുത്തി വെറ്ററിനറി യൂണിവേഴ്‌സിറ്റി ക്ഷീര കർഷക സംഗമത്തിന് വേദിയാകും. ഫെബ്രുവരി 10ന് മാടക്കത്തറ, താന്ന്യം പഞ്ചായത്തുകളിലെ ക്ഷീരഗ്രാമം പദ്ധതിയും 160 സ്റ്റാളുകളോടെ സജ്ജമാക്കിയ എക്‌സ്‌പോ 11നും ഉദ്ഘാടനം ചെയ്യും.

ക്ഷീരമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മുഴുവൻ പേരെയും ക്ഷീര സംഗമത്തിന്റെ ഭാഗമാക്കും.


കെ.രാജൻ
മന്ത്രി

ഭക്ഷ്യ സുരക്ഷ ഉറപ്പാക്കി ശുദ്ധമായ പാൽ ഗുണഭോക്താക്കൾക്ക് നൽകാനാണ് ലക്ഷ്യം. പദ്ധതി വഴി ക്ഷീരകർഷകർക്ക് കൈത്താങ്ങ് ഒരുക്കാനാകും.

സിനില ഉണ്ണികൃഷ്ണൻ
ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ
ക്ഷീര വികസന വകുപ്പ് .

ക്ഷീരഗ്രാമത്തിനായി യത്നം

2 പശുക്കളടങ്ങുന്ന 32 യൂണിറ്റുകൾക്ക് ധനസഹായം 46,500 വീതം

5 പശുക്കൾ അടങ്ങുന്ന 4 യൂണിറ്റുകൾക്ക് 1,32,000 രൂപ

ഡയറിഫാമിന്റെ ആധുനികവത്കരണത്തിനും യന്ത്രവത്ക്കരണത്തിനും

51 പേർക്ക് 50,000 രൂപ

11 പേർക്ക് കറവയന്ത്രം

യൂണിറ്റിന് 30000 രൂപ

ക്ഷീരഗ്രാമ പഞ്ചായത്തിലെ സംഘങ്ങളിലെ 420 പേർക്ക്

മിനറൽ മിക്‌സ്ചർ നൽകുന്നതിന് 56,700

Advertisement
Advertisement