സാമ്പത്തികത്തട്ടിപ്പുകൾ കേന്ദ്രഏജൻസി അന്വേഷിക്കണം: എൻ.ഹരിദാസ്
കണ്ണൂർ: സംസ്ഥാനത്തിന്റെ വവിധ ഭാഗങ്ങളിൽ നടക്കുന്ന കോടികളുടെ സാമ്പത്തികത്തട്ടിപ്പ് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് പ്രസ്താവനയിൽ പറഞ്ഞു. ഓരോ ദിവസവും പുതിയ തട്ടിപ്പുകൾ പുറത്തുവന്ന് കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ലോക്കൽ പൊലീസോ ക്രൈംബ്രാഞ്ചോ അന്വേഷിച്ചാൽ യഥാർത്ഥ വസ്തുത പുറത്ത് കൊണ്ടുവരാനാവില്ല. സാമ്പത്തികത്തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം ഒരു പരിധിക്കപ്പുറം പോകാതിരിക്കാൻ ഇപ്പോഴുള്ള അന്വേഷണ സംഘങ്ങൾ ബോധപൂർവ്വം ശ്രമിക്കുന്നതായി സംശയിക്കാതിരിക്കാനാവില്ല. കണ്ണൂർ ജില്ലയിലെ അർബൻ നിധി തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരിൽ ഒരാൾക്ക് പാക് ബന്ധമുണ്ടെന്ന കണ്ടെത്തൽ ഗൗരവമായി കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തട്ടിപ്പ് സംഘങ്ങൾക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര ഏജൻസികളുടെ സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.