വയോജന പാർക്ക് ഉടൻ
Tuesday 17 January 2023 12:37 AM IST
കോട്ടയം: ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ വയോജന പാർക്ക് കുടമാളൂർ ഡിവിഷനിലെ പുലിക്കുട്ടിശേരി പഴയ കടവിന് സമീപം യാഥാർത്ഥ്യമാകുന്നു. രണ്ടുഘട്ടമായാണ് പാർക്കിന്റെ നിർമ്മാണം. ആദ്യ ഘട്ട നിർമ്മാണം ആറ് ലക്ഷം രൂപയും രണ്ടാം ഘട്ടത്തിന് മൂന്ന് ലക്ഷവുമടക്കം ഒമ്പത് ലക്ഷമാണ് ചെലവ്. 60 വയസിന് മുകളിലുള്ളവർക്ക് മാനസികമായ ഉല്ലാസമാണ് ലക്ഷ്യം. ഒഴിവു സമയങ്ങളും സായാഹ്നങ്ങളും ചെലവഴിക്കുന്നതിനും വേണ്ട ഇരിപ്പിടങ്ങളും സൗകര്യങ്ങളും പാർക്കിലുണ്ടാകും. മീനച്ചിലാറിന്റെ കൈവഴിയായ പുലിക്കുട്ടിശേരി പഴയ കടവിന്റെ നവീകരണവും പഞ്ചായത്ത് ലക്ഷ്യമിടുന്നുണ്ട്. നവീകരണത്തിന്റെ ഭാഗമായി കടവിന് സമീപത്ത് കൈ വരികൾ സ്ഥാപിച്ച് ഇവിടെയും ഇരിപ്പിടങ്ങളും മറ്റു സൗകര്യങ്ങളും ഒരുക്കും. അടുത്ത സാമ്പത്തിക വർഷാരംഭത്തിന് മുന്നോടിയായി പാർക്കിന്റെ നിർമ്മാണം പൂർത്തിയാക്കും.