എസ്ഐക്കു നേരെ എൽസി സെക്രട്ടറി ആക്രോശിച്ചത് പാർട്ടി അന്വേഷിക്കും

Tuesday 17 January 2023 12:59 AM IST

കായംകുളം: ഹെൽമെറ്റ് ഇല്ലാത്തത് ചോദ്യം ചെയ്ത എസ്.ഐക്കു നേരെ സി.പി.എം ലോക്കൽ കമ്മി അംഗം തട്ടിക്കയറിയ സംഭവം പാർട്ടി അന്വേഷിക്കും.

കായംകുളം എസ്.ഐ ശ്രീകുമാറും ചേരാവള്ളി ലോക്കൽ കമ്മിറ്റി അംഗം അഷ്കർ നമ്പലശേരിയും തമ്മിലാണ് നാട്ടുകാർ നോക്കി നിൽക്കെ വാക്കേറ്റമുണ്ടായത്. മറ്റൊരു പൊലീസുകാരൻ ഇടപെട്ടതോടെ സംഘട്ടനമൊഴിവായി. സംഭവം സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായതും പാർട്ടിയിൽ തന്നെ എതിർപ്പുണ്ടായതുമാണ് അന്വേഷണം നടത്താൻ കായംകുളം ഏരിയ കമ്മിറ്റിയെ പ്രേരിപ്പിച്ചത്. എസ്.ഐയെ ഹരിപ്പാട്ടേക്ക് മാറ്റാൻ നേരത്തേതന്നെ തീരുമാനം ഉണ്ടായിരുന്നു. ഇനി മാറ്റിയാൽ ഇതിന്റെ പേരിലാണെന്ന പ്രചാരണം ഉണ്ടാവുമെന്നതിനാൽ തീരുമാനം മരവിപ്പിച്ചിരിക്കുകയാണ്.

വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് മന്ത്രി വി. ശിവൻകുട്ടി വരുന്നതിനാൽ നഗരത്തിൽ പൊലീസ് സുരക്ഷ ഉണ്ടായിരുന്നു. ഈ സമയത്താണ് ഹെൽമെറ്റ് വെയ്ക്കാതെ അഷ്കർ എത്തിയത്. ട്രാഫിക്ക് നിയന്ത്രിക്കുകയായിരുന്ന എസ്.ഐ ശ്രീകുമാർ, ഹെൽമെറ്റ് വച്ച് പൊയ്ക്കൂടെയെന്ന് ചോദിച്ചതോടെ അഷ്കർ വാഹനത്തിൽ നിന്ന് ഇറങ്ങി എസ്.ഐയെ ആക്രമിക്കാൻ പാഞ്ഞടുക്കുകയായിരുന്നു. പാർട്ടിക്കാരനാണന്നും കാണിച്ചുതരാമെന്നും പറഞ്ഞ് എസ്.ഐയോട് കയർക്കുകയും നെഞ്ചുകൊണ്ട് തള്ളാൻ ശ്രമിക്കുകയും ചെയ്തു. മറ്റൊരു പൊലീസുകാരൻ പിടിച്ച് മാറ്റുന്നതും ദ്യശ്യങ്ങളിലുണ്ട്. ട്രാഫിക് നിയന്ത്രണം തങ്ങൾക്ക് ഏറ്റെടുക്കാൻ അറിയാമെന്നും പറഞ്ഞാണ് അഷ്കർ മടങ്ങുന്നത്. നിരവധിപേർ സാക്ഷികളായതോടെ പൊലീസിനും സംഭവം മാനക്കേടായി.

Advertisement
Advertisement