കുന്നക്കാട്ട് കുളത്തിനു ശാപമോക്ഷം
മാന്നാർ: അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ 30 വർഷമായി മാലിന്യം നിറഞ്ഞ് കിടക്കുന്ന കുന്നക്കാട്ട് കുളത്തിനു ശാപമോക്ഷം. മാന്നാർ ഗ്രാമപഞ്ചായത്ത് കുട്ടംപേരൂർ 12-ാം വാർഡിൽ സ്ഥിതിചെയ്യുന്ന പഞ്ചായത്ത് പൊതുകുളമായ കുന്നക്കാട്ട് കുളത്തിന് രണ്ട് ഘട്ടങ്ങളിലായി 30 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങൾക്ക് നടപ്പ് പദ്ധതിയിൽ പഞ്ചായത്ത് കമ്മിറ്റി തുക അനുവദിച്ചതായി വാർഡ് മെമ്പർ അജിത് പഴവൂർ അറിയിച്ചു. ഒന്നാംഘട്ടത്തിൽ 10 ലക്ഷവും രണ്ടാംഘട്ടത്തിൽ 20 ലക്ഷവുമാണ് അനുവദിച്ചത്. ആദ്യഘട്ടത്തിൽ കുളത്തിന്റെ വശങ്ങൾ സംരക്ഷണഭിത്തി കെട്ടിയും സമീപത്തെ റോഡ് വീതികൂട്ടി മണ്ണിട്ട് ഉയർത്തുന്നതുമായ പദ്ധതിക്കാണ് രൂപം നൽകിയിരിക്കുന്നത്. രണ്ടാംഘട്ടത്തിൽ കുളത്തിന്റെ നാല് വശങ്ങളിലും ടൈൽപാകി കൈവരികൾ സ്ഥാപിച്ച് കുളത്തിനോട് ചേർന്നുള്ള റോഡ് കോൺക്രീറ്റ് ചെയ്ത് വൃത്തിയാണ്ണക്കും. നിർമ്മാണ പ്രവർത്തനങ്ങൾ രണ്ടുമാസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്നും മൂന്നാംഘട്ടത്തിൽ കുളത്തിനോടുള്ള ചേർന്നുള്ള സ്ഥലത്ത് മിനി പാർക്ക് സ്ഥാപിക്കുമെന്നും അജിത്ത് പഴവൂർ പറഞ്ഞു.