ആകാശ എയർ തലസ്ഥാനത്ത് ഇറങ്ങി

Tuesday 17 January 2023 4:13 AM IST

കുറഞ്ഞ ചെലവിൽ ബംഗളൂരു യാത്രയ്ക്ക് വഴിയൊരുങ്ങി

തിരുവനന്തപുരം: ഏറ്റവും കുറഞ്ഞ ചെലവിൽ പറക്കാൻ വഴിയൊരുക്കുന്ന ഇന്ത്യയിലെ ഏറ്റവും പുത്തൻ വിമാനക്കമ്പനിയായ ആകാശ എയർ വിമാനം ഇന്നലെ ആദ്യമായി തിരുവനന്തപുരം വിമാനത്താവളത്തിലെത്തി. ബംഗളൂരുവിലേക്കും തിരിച്ചും ഓരോ സർവീസ് പരീക്ഷണാടിസ്ഥാനത്തിൽ നടത്തി. ശതകോടീശ്വരനും അസറ്റ് മാനേജ്‌മെന്റ് വിദഗ്ദ്ധനുമായ രാകേഷ് ജുൻജുൻവാല പ്രൊമോട്ടറായ ആകാശ എയർ തിരുവനന്തപുരം- ബംഗളൂരു പ്രതിദിന സർവീസ് ഉടൻ ആരംഭിക്കും. ഇതോടെ കുറഞ്ഞ നിരക്കിൽ ബംഗളൂരുവിലേക്ക് പറക്കാനാവും.

വസ്ത്രനിർമ്മാതാക്കളായ യു.എസ് പോളോയുടെ ജീവനക്കാരെ കോവളത്തെ സമ്മേളനത്തിനെത്തിക്കാൻ ചാർട്ടേർഡ് വിമാനമായാണ് ഇന്നലെ രാവിലെ 11ന് ബംഗളൂരുവിൽ നിന്ന് ആകാശ എയർ തിരുവനന്തപുരത്തെത്തിയത്. തിരികെ കാലിയായി പോവുന്നതിന് പകരം ഓൺലൈനിൽ ടിക്കറ്റ് വിൽപ്പന നടത്തി യാത്രക്കാരുമായാണ് ബംഗളൂരുവിലേക്ക് പറന്നത്. 3000രൂപയോളമായിരുന്നു നിരക്ക്. യു.എസ് പോളോ ജീവനക്കാരെ തിരികെകൊണ്ടുപോവാൻ 18ന് എത്തുമ്പോൾ ബംഗളൂരുവിൽ നിന്ന് യാത്രക്കാരുമായാവും ആകാശ എയർ വരിക.

ആകാശ എയർ വരുന്നതോടെ ആഭ്യന്തര യാത്രയ്ക്ക് ചെലവ് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊച്ചിയിൽ നിന്ന് ബംഗളൂരുവിലേക്ക് 3,483രൂപയാണ് നിരക്ക്. ഈ നിരക്കിൽ തിരുവനന്തപുരത്തേക്കും സർവീസ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ച് വർഷത്തിനുള്ളിൽ 72 വിമാനങ്ങളാണ് ആകാശ എയറിന്റെ ലക്ഷ്യം.