പേരയ്ക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് 12കാരനെ ബൈക്കിടിപ്പിച്ചു, മർദ്ദിച്ചു: സ്ഥലമുടമ അറസ്റ്റിൽ

Tuesday 17 January 2023 1:38 AM IST

പെരിന്തൽമണ്ണ: പേരയ്ക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് 12കാരനെ ബൈക്ക് കൊണ്ട് ഇടിച്ച് വീഴ്ത്തുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ആക്രമണത്തിൽ കാലിന്റെ തുടയെല്ല് പൊട്ടിയ തൂത വാഴേങ്കട സ്വദേശിയും ഡി.യു.എച്ച്.എസ്‌ എട്ടാംക്ളാസ് വിദ്യാർത്ഥിയുമായ മുഹമ്മദ് അഷ്‌ഫിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ബന്ധുക്കളുടെ പരാതിയിൽ സ്ഥലമുടമ തൂത വാഴേങ്കട കുനിയൻകാട്ടിൽ അഷറഫിനെ(48) പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തെക്കുറിച്ച് കുട്ടിയുടെ ബന്ധുക്കൾ പറയുന്നതിങ്ങനെ- ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. ഗ്രൗണ്ടിൽ ഫുട്ബാൾ കളിച്ച ശേഷം മടങ്ങവേ സംഘത്തിലുണ്ടായിരുന്ന കുട്ടികളിൽ ചിലർ വഴിയ്ക്കരികിലെ വീടിന്റെ പറമ്പിലുണ്ടായിരുന്ന പേരയ്ക്കക്ക് കല്ലെറിഞ്ഞു. ശേഷം കല്ലെറിഞ്ഞവർ ഓടിപ്പോയി. ഇത് ശ്രദ്ധിക്കാതെ കൂട്ടുകാരുമൊത്ത് പോവുകയായിരുന്ന അഷ്‌ഫിനെ,​ വീട്ടിലുണ്ടായിരുന്ന സ്ഥലമുടമ സ്കൂട്ടിയിൽ പിന്തുടർന്നെത്തി ഇടിച്ചിടുകയായിരുന്നു. നിലത്തുവീണ കുട്ടിയെ ആഞ്ഞുചവിട്ടി. കൂടെയുണ്ടായിരുന്നവർക്കും മർദ്ദനമേറ്റു. പിടയുന്ന കുട്ടിയെ ഗൗനിക്കാതെ ഇയാൾ ബൈക്കിൽ കയറിപ്പോയി. നിലവിളിച്ച കുട്ടിയെ സമീപത്തെ വീട്ടുകാരെത്തിയാണ് ആശുപത്രിയിൽ കൊണ്ടുപോയത്.

കുട്ടിയുടെ പിതാവ് മൊയ്തീൻ കുട്ടി സൗദിയിലാണ് ജോലിചെയ്യുന്നത്. മാതാവ് സൽമത്ത്. സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറോട് ആരോഗ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.