ജെല്ലിക്കെട്ടിൽ 9 കാളകളെ പിടിച്ചടക്കിയ
യുവാവ് കാളയുടെ കുത്തേറ്റ് മരിച്ചു
Tuesday 17 January 2023 12:01 AM IST
മധുര ; തമിഴ്നാട്ടിൽ പൊങ്കൽ ഉത്സവത്തോടനുബന്ധിച്ച് മധുരയിൽ നടന്ന ജെല്ലിക്കെട്ട് മത്സരങ്ങൾക്കിടെ കാളയുടെ കുത്തേറ്റ യുവാവ് മരിച്ചു. മധുര പാലമേട് മധുര സ്വദേശി അരവിന്ദ് രാജാണ് (26) മരിച്ചത്. ഒമ്പത് കാളകളെ പിടിച്ചടക്കി മത്സരത്തിൽ മൂന്നാം സ്ഥാനത്ത് നിൽക്കെയാണ് പരിക്കേറ്റത്. തായ് പൊങ്കലിനോടനുബന്ധിച്ച് ആവണിയാപുരത്ത് ജെല്ലിക്കെട്ട് നടന്നിരുന്നു . മാട്ടുപ്പൊങ്കാലിനോടനുബന്ധിച്ചാണ് പാലമേട്ടിൽ ജെല്ലിക്കെട്ട് നടന്നത്. രാവിലെ 8 മണിക്ക് ആരംഭിച്ച മത്സരം 45 മിനിറ്റ് വീതമുള്ള റൗണ്ടുകളായാണ് നടന്നത്. ഒരു റൗണ്ടിൽ 25 കാളപ്പോരുകാരാണ് കളത്തിലുണ്ടാവുക. അരവിന്ദ് ഒൻപത് കാളകളെ പിടിച്ചടക്കി. അതിനിടെയാണ് പരിക്കേറ്റത്. മധുരയിലെ രാജാജി സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അരവിന്ദിന്റെ മരണം. 800ലേറെ കാളകളെയാണ് മത്സരത്തിൽ പങ്കെടുപ്പിച്ചത്. 335ലേറെ കാളപ്പോരുകാരും രംഗത്തുണ്ടായിരുന്നു.
തിങ്കളാഴ്ച 60 ലേറെ പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി മധുര ജില്ലാ കളക്ടർ പറഞ്ഞു. അതിൽ സാരമായി പരിക്കേറ്റ 20 പേർ രാജാജി ആശുപത്രിയിൽ ചികിത്സയിലാണ്. നിസ്സാര പരിക്കേറ്റ 40 പേരെ പ്രഥമശുശ്രൂഷ നൽകി വിട്ടയച്ചു.