മോഷണം: മൂന്നുപേർ അറസ്റ്റിൽ

Wednesday 18 January 2023 1:06 PM IST

ഒറ്റപ്പാലം: വേങ്ങശ്ശേരിയിൽ ഗ്യാസ് സിലിണ്ടറുകളും വൈദ്യുതോപകരണങ്ങളും മോഷ്ടിച്ച സംഭവത്തിൽ കൊലക്കേസ് പ്രതിയടക്കം മൂന്നുപേർ അറസ്റ്റിൽ. അമ്പലപ്പാറ കണ്ണമംഗലം സൂര്യവീട്ടിൽ എം.ഷൺമുഖം (44), കടമ്പഴിപ്പുറം പാറശ്ശേരി പുത്തിരിക്കാട്ടിൽ രാമദാസ് (46), കോങ്ങാട് കുണ്ടുവൻപാടം പുത്തൻകളം മുരളിദാസ് (39) എന്നിവരെയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ രണ്ടിനാണ് സംഭവം.

വേങ്ങശ്ശേരി ആലംപാറ അബ്ദുൾ റസാഖിന്റെ വീട്ട് മുറ്റത്ത് സൂക്ഷിച്ച ആറ് ഗ്യാസ് സിലിണ്ടറുകളും സമീപത്തെ റൈസ് മില്ലിൽ സൂക്ഷിച്ചിരുന്ന വെൽഡിംഗ് മെഷീൻ, കാടുവെട്ടുന്ന യന്ത്രം, വാട്ടർ ക്ലീനിംഗ് മെഷീൻ, സ്പാനറുകൾ എന്നിവയാണ് മോഷ്ടിച്ചത്. രാമദാസ് പാളമല കൊലക്കേസിലും ഷൺമുഖൻ ഭാര്യയെ ഉപദ്രവിച്ച കേസിലും പ്രതിയാണ്.

വാഹന സൗകര്യമില്ലാത്ത സമീപ വീടുകളിലെ ഗ്യാസ് സിലിണ്ടറുകൾ നിറക്കുന്നതിനായി റസാഖിന്റെ വീട്ടിലാണ് വെക്കാറുള്ളത്. മോഷ്ടാക്കൾ വാഹനത്തിൽ സിലിണ്ടറുകൾ കയറ്റുന്ന ശബ്ദം കേട്ട് ഇറങ്ങിവന്ന് തടയാൻ ശ്രമിച്ച റസാഖിനെ ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി ശേഷം പ്രതികൾ കടന്നുകളഞ്ഞു. കഴിഞ്ഞ ദിവസം ഒറ്റപ്പാലം നഗരത്തിൽ നടന്ന പരിശോധനയ്ക്കിടയിലാണ് പ്രതികളെ പിടികൂടിയത്. ഉപകരണങ്ങളും വാഹനവും ചുനങ്ങാട് നിന്ന് പൊലീസ് കണ്ടെടുത്തു.