ഇല്ലാത്ത യുവതിയുടെ പേരിൽ വാട്സ്ആപ്പ് ചാറ്റ് ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവാവ് പിടിയിൽ

Tuesday 17 January 2023 1:49 AM IST

പരപ്പനങ്ങാടി:വാട്സാപ്പിലൂടെ വിവാഹമോചിതയായ സ്ത്രീയാണെന്ന് വിശ്വസിപ്പിച്ച് വിവാഹവാഗ്ദാനം ചെയ്ത് അരിയല്ലൂർ സ്വദേശിയിൽ നിന്ന് മൂന്ന് ലക്ഷം രൂപയോളം തട്ടിയെടുത്ത കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ സ്വദേശി താഴത്തേതിൽ മുഹമ്മദ് അദ്നാൻ(31) ആണ് അറസ്റ്റിലായത്. ഏഴു മാസങ്ങൾക്കു മുമ്പാണ് അരിയല്ലൂർ സ്വദേശിയുമായി അനഘ എന്ന പെൺകുട്ടിയാണെന്ന് പറഞ്ഞ് യുവാവ് വാട്സാപ്പിൽ സൗഹൃദം സ്ഥാപിച്ചത്. അമ്മ അസുഖബാധിതയാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പണം തട്ടിയെടുത്തത്. ഒരേസമയം അനഘയായും പെൺകുട്ടിയുടെ അടുത്ത സുഹൃത്തായയും രണ്ടു റോളുകളാണ് മുഹമ്മദ് അദ്നാൻ കൈകാര്യം ചെയ്തിരുന്നത്. പെൺകുട്ടി ഒരിക്കലും നോർമൽ കോൾ വിളിക്കുകയോ വോയ്സ് ചാറ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. സോഷ്യൽ മീഡിയയിൽ നിന്നും ഡൗൺലോഡ് ചെയ്ത ഒരു പെൺകുട്ടിയുടെ ഫോട്ടോ ഇയാൾ പരാതിക്കാരന് അയച്ചു കൊടുത്തിരുന്നു. പ്രണയമായി മാറിയ യുവാവ് ഈ കുട്ടിയെ വിവാഹം കഴിക്കുന്നതിനും നേരിട്ട് കാണുന്നതിനുമായി എട്ടു തവണയോളം പെരിന്തൽമണ്ണ പോകുകയുണ്ടായി. സഹോദരിമാരെ വരെ ഒപ്പം കൂട്ടിയിരുന്നു. ഒടുവിൽ സംശയം തോന്നിയാണ് മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പരപ്പനങ്ങാടി ഇൻസ്‌പെക്ടർ കെ.ജെ. ജിനേഷിന്റെ നേതൃത്വത്തിൽ പരപ്പനങ്ങാടി സബ് ഇൻസ്‌പെക്ടർ അജീഷ് കെ ജോൺ, ജയദേവൻ , സിവിൽ പൊലീസ് ഓഫീസർമാരായ മുജീബ്, വിബീഷ്, രഞ്ജിത്ത് എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ ഫോൺ പരിശോധിച്ചതിൽ സമാനമായ കേസുകൾ പലയിടങ്ങളിൽ ചെയ്തതായും ബോധ്യപ്പെട്ടിട്ടുള്ളതിനാൽ ഇനിയും പരാതികൾ വരാനുള്ള സാദ്ധ്യതയുണ്ടെന്ന് പൊലീസ് അറിയിച്ചു