ഡൽഹിയിൽ വീണ്ടും പിടിമുറുക്കി അതിശൈത്യം

Tuesday 17 January 2023 12:11 AM IST

ന്യൂഡൽഹി: രണ്ടു ദിവസത്തെ ഇടവേളയ്‌ക്കു ശേഷം ഡൽഹിയിലും സമീപപ്രദേശങ്ങളിലും താപനില വീണ്ടും കുറഞ്ഞു. ദേശീയ തലസ്ഥാന മേഖലയിൽ ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ 1.4 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. അടുത്ത ദിവസങ്ങളിലും ശക്തമായ തണുപ്പ് തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

രണ്ട് ദിവസത്തിനുള്ളിൽ രാജ്യതലസ്ഥാനത്തെ ഏറ്റവും കുറഞ്ഞ താപനില ഒമ്പത് ഡിഗ്രിയോളം താണു. ഞായറാഴ്ച 10.2 ഡിഗ്രി സെൽഷ്യസ് ആയിരുന്നു താപനില. 2021-ന് ശേഷമുള്ള ജനുവരിയിലെ ഏറ്റവും താഴ്ന്ന താപനിലയാണ് ഇന്നലത്തേത്. ഡൽഹി സഫ്ദർജംഗ് ഒബ്സർവേറ്ററിയിൽ 2021 ജനുവരി 1-ന് ഏറ്റവും കുറഞ്ഞ താപനില 1.1 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു. രാത്രിയും പുലർച്ചെയുമാണ് അതിശൈത്യം അനുഭവപ്പെടുന്നത്.

പഞ്ചാബ്, ഹരിയാന, ചണ്ഡീഗർ, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവയുടെ ചില ഭാഗങ്ങളിലും ശീതക്കാറ്റിനെ തുടർന്ന് താപനില കുറഞ്ഞു. ഇവിടങ്ങളിൽ മൂടൽ മഞ്ഞും അനുഭവപ്പെട്ടു.

ഹരിയാനയിലെ ഹിസാറിൽ 0.8 ഡിഗ്രി സെൽഷ്യസും പഞ്ചാബിലെ അമൃത്‌സറിൽ 1.5 ഡിഗ്രി സെൽഷ്യസുമായി കുറഞ്ഞു.

താർ മരുഭൂമിക്ക് സമീപം സ്ഥിതി ചെയ്യുന്ന ചുരുവിൽ മൈനസ് 2.5 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.

ചണ്ഡിഗർ, രാജസ്ഥാനിലെ ഉദ‌യ്‌പൂർ, ഉത്തർപ്രദേശിലെ മീററ്റ് എന്നിവിടങ്ങളിൽ 8-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ശൈത്യകാല അവധി നീട്ടി.

വടക്കുപടിഞ്ഞാറൻ, മദ്ധ്യ ഇന്ത്യയുടെ പല ഭാഗങ്ങളിലും നാളെ മുതൽ മുതൽ താപനില 3 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ നേരിയ തോതിൽ വർദ്ധിക്കും. ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളിൽ മൂടൽമഞ്ഞിനെ തുടർന്ന് 13 ട്രെയിനുകൾ വൈകിയതായി നോർത്തേൺ റെയിൽവേ അറിയിച്ചു. ഡൽഹിയിൽ ഇന്നലെ പകൽ തെളിഞ്ഞ കാലാവസ്ഥയായിരുന്നു.