വിദൂര വോട്ടിംഗ് യന്ത്രം: വിയോജിച്ച് രാഷ്‌ട്രീയ കക്ഷികൾ
ന്യൂഡൽഹി: തൊഴിൽപരമായ ആവശ്യങ്ങൾക്കും വിദ്യാഭ്യാസത്തിനും മറ്റുമായി അന്യസംസ്ഥാനങ്ങളിൽ ജീവിക്കുന്നവർക്ക് സ്വന്തം സംസ്ഥാനത്തിന് പുറത്ത് വോട്ടു ചെയ്യാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ആവിഷ്‌കരിച്ച വിദൂര വോട്ടിംഗ് യന്ത്രം എന്ന ആശയത്തെ എതിർത്ത് രാഷ്‌ട്രീയ കക്ഷികൾ. കൂടുതൽ ചർച്ച വേണമെന്ന് ബി.ജെ.പി അടക്കം പ്രമുഖ കക്ഷികൾ തിരഞ്ഞെടുപ്പ് കമ്മിഷൻ വിളിച്ച യോഗത്തിൽ ആവശ്യപ്പെട്ടു. എട്ട് ദേശീയ പാർട്ടികളും 57 സംസ്ഥാന പാർട്ടികളും പങ്കെടുത്ത യോഗത്തിൽ വിദൂര വോട്ടിംഗ് യന്ത്രത്തിന്റെ മാതൃക കാണിച്ചെങ്കിലും എതിർപ്പിനെ തുടർന്ന് പ്രവർത്തനരീതി അവതരിപ്പിക്കാനായില്ല.
അന്യസംസ്ഥാന തൊഴിലാളികളുടെ നിർവചനം, എണ്ണം, വിദൂര വോട്ടിംഗ് യന്ത്രത്തിന്റെ പ്രവർത്തനം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്താതെ പുതിയ സമ്പ്രദായം നടപ്പിലാക്കാനാകില്ലെന്ന് രാഷ്‌ട്രീയ കക്ഷികൾ നിലപാടെടുത്തു. വിഷയത്തിൽ ആദ്യം ചർച്ച വേണമായിരുന്നുവെന്നും കമ്മിഷൻ നീക്കം തിടുക്കപ്പെട്ടുള്ളതാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
വോട്ടർമാർ സംസ്ഥാനത്തിന് പുറത്തായതുകൊണ്ടാണ് പോളിംഗ് കുറയുന്നതെന്ന കമ്മിഷൻ വാദം തെറ്റാണെന്ന് രാഷ്‌ട്രീയ പാർട്ടി നേതാക്കൾ വിശദീകരിച്ചു. സംസ്ഥാനത്തുള്ളവരും വോട്ടു ചെയ്യുന്നില്ല. രാജ്യത്ത് 30 കോടി അന്യസംസ്ഥാന തൊഴിലാളികളുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ ആമുഖമായി പറഞ്ഞതിനെയും അവർ ചോദ്യം ചെയ്‌തു.
ഇന്നലത്തെ ചർച്ചകളുടെ അടിസ്ഥാനത്തിൽ വിദൂര വോട്ടിംഗ് യന്ത്രവുമായി ബന്ധപ്പെട്ട രാഷ്‌ട്രീയ കക്ഷികളുടെ അഭിപ്രായം ജനുവരി 31ന് പകരം ഫെബ്രുവരി 20വരെ എഴുതി അറിയിക്കാമെന്ന് കമ്മിഷൻ പറഞ്ഞു. യു.എ.ഇ വ്യവസായി ഡോ. ഷംഷീർ വയലിൽ നടത്തിയ നിയമപോരാട്ടങ്ങളും വിദൂര വോട്ടിംഗ് യന്ത്രമെന്ന ആശയത്തിന് പ്രചോദനം നൽകിയതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ പറഞ്ഞു. കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്, സി.പി.എം പി.ബി അംഗം നീലോത്പൽ ബസു തുടങ്ങിയവർ പങ്കെടുത്തു.