നരേന്ദ്ര മോദിയുടെ റോഡ് ഷോയോടെ ബി.ജെ.പി യോഗത്തിന് തുടക്കം

Tuesday 17 January 2023 12:17 AM IST

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രേ മോദിയുടെ ഉജ്ജ്വല റോഡ് ഷോയോടെ രണ്ടു ദിവസത്തെ ബി.ജെ.പി ദേശീയ എക്സിക്യൂട്ടീവ് യോഗത്തിന് തുടക്കമായി.

ആവേശഭരിതരായ ബി.ജെ.പി പ്രവർത്തകരുടെ അകമ്പടിയോടെ സംഗീതവും ആർപ്പു വിളിയും നിറഞ്ഞ അന്തരീക്ഷത്തിൽ പട്ടേൽ ചൗക്കിൽ നിന്ന് റോഡ് ഷോ ആരംഭിച്ചു. എക്സിക്യൂട്ടീവ് യോഗം നടക്കുന്ന എൻ.ഡി.എം.സി കൺവെൻഷൻ സെന്ററിലാണ് റോഡ് ഷോ അവസാനിച്ചത്. വഴി നീളെ ജനങ്ങൾ നരേന്ദ്ര മോദിയെ പുഷ്പദളങ്ങൾ കൊണ്ട് ചൊരിഞ്ഞു. ആവേശത്തോടെ മോദി... മോദി... മുദ്രവാക്യങ്ങൾ കൊണ്ട് അന്തരീക്ഷം മുഖരിതമായി. കാറിന്റെ ചവിട്ടു പടിയിൽ നിന്നു കൊണ്ട് പ്രധാനമന്ത്രി ജനങ്ങളെ അഭിവാദ്യം ചെയ്തു.

റോഡ് ഷോ കടന്ന് പോയ വീഥികൾക്കിരുവശവും നരേന്ദ്ര മോദിയുടെ കൂറ്റൻ കട്ടൗട്ടുകൾ സ്ഥാപിച്ചിരുന്നു. ഒപ്പം കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടുന്ന വലിയ ബോർഡുകളും ഇന്ത്യക്ക് ലഭിച്ച ജി-20യുടെ അദ്ധ്യക്ഷസ്ഥാനം സംബന്ധിച്ച ബോർഡുകളും ഉയർത്തിയിരുന്നു. റോഡിനിരുവശവും പ്രത്യേകം നിശ്ചയിച്ച വേദികളിൽ വിവിധ സംസ്ഥാനങ്ങളിലെ കലാകാരന്മാർ അവരുടെ തനത് കലകൾ അവതരിപ്പിച്ചത് റോഡ് ഷോയ്ക്ക് മാറ്റുകൂട്ടി. കഥകളിയും മഹാബലിയുമുൾപ്പെടെയുള്ള ദൃശ്യങ്ങളാണ് കേരള ബി.ജെ.പി സെൽ അവതരിപ്പിച്ച വേദിയിൽ അരങ്ങേറിയത്.

ഡൽഹിയിൽ നടത്തിയ റോഡ് ഷോയ്ക്ക് ശേഷം ബി.ജെ.പി ദേശീയ എക്സിക്യൂട്ടീവ് വേദിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉജ്ജ്വല സ്വീകരണം ലഭിച്ചു. അദ്ദേഹത്തെ ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി നദ്ദ സ്വീകരിച്ചു. തുടർന്ന് ദേശീയ നിർവ്വാഹക സമിതി യോഗത്തിന് തുടക്കമായി. യോഗത്തെ ജെ.പി നദ്ദ അഭിസംബോധന ചെയ്തു.

ഒമ്പത് തിരഞ്ഞെടുപ്പുകളും വിജയിക്കണമെന്ന് നദ്ദ

2024 ലെ പൊതുതിരഞ്ഞെടുപ്പിൽ വിജയിക്കാൻ ഈ വർഷം തിരഞ്ഞെടുപ്പ് നടക്കുന്ന 9 സംസ്ഥാനങ്ങളിലും വിജയം കൈവരിക്കേണ്ടതുണ്ടെന്ന് ജെ.പി നദ്ദ യോഗത്തിൽ വ്യക്തമാക്കിയതായി രവിശങ്കർ പ്രസാദ് പത്രസമ്മേളനത്തിൽ പറഞ്ഞു. ഇതിനായി സജ്ജരാകാൻ അദ്ദേഹം പാർട്ടി പ്രവർത്തകരോട് അഭ്യർത്ഥിച്ചതായും അറിയിച്ചു. ദുർബ്ബലമായ ബൂത്തുകൾ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടുകയും അതിൽ കേന്ദ്രീകരിക്കാനും അദ്ദേഹം നിർദ്ദേശിച്ചു. ശക്തിപ്പെടുത്തേണ്ട 1.3 ലക്ഷം ബൂത്തുകളിൽ പാർട്ടിയുടെ സന്ദേശമെത്തിച്ചു. ദുർബ്ബലമെന്ന് കണ്ടെത്തിയ 72,000 ബൂത്തുകൾ ഉടനെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ തുടങ്ങുമെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള ഇന്ത്യയുടെ പുരോഗതിയെ നദ്ദ അഭിനന്ദിച്ചു. ഗുജറാത്തിലെ അഭൂതപൂർവ്വമായ വിജയത്തിനും പ്രധാനമന്ത്രിയെ അഭിനന്ദിച്ചു. ഹിമാചലിൽ മാറിമാറി വരുന്ന ഭരണരീതി നിറുത്തലാക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ല. എന്നാൽ, തിരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസിനെക്കാൾ ഒരു ലക്ഷം വോട്ട് മാത്രമാണ് ബി.ജെ.പിക്ക് കുറഞ്ഞു പോയതെന്നും നദ്ദ യോഗത്തിൽ വിശദീകരിച്ചതായി രവിശങ്കർ പ്രസാദ് വ്യക്തമാക്കി. പ്രധാനമന്ത്രിക്ക് പുറമെ 35 കേന്ദ്ര മന്ത്രിമാരും 12 മുഖ്യമന്ത്രിമാരും 37 സംസ്ഥാന അദ്ധ്യക്ഷന്മാരുമടക്കം 350 പേരാണ് ദേശീയ നിർവ്വഹക സമിതിയിൽ പങ്കെടുക്കുന്നത്.

Advertisement
Advertisement